യേശു ക്രിസ്തു ക്വുര്‍ആനില്‍


അല്ലാഹു പറഞ്ഞ സന്ദര്‍ഭം മര്‍യമിന്റെ മകന്‍ ഈസ നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക. ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി, തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോട് സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി, എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനേയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി. എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍ , ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. (വിശുദ്ധ ക്വുര്‍ആന്‍ 5. 110)
ഓര്‍ക്കുക. അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം മര്‍യമിന്റെ മകന്‍ ഈസാ..അല്ലാഹുവേ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍ എന്ന് നീയാണോ നിന്റെ ജനതയോട് പറഞ്ഞത്. അപ്പോള്‍ അദ്ദേഹം പറയും നീ എത്ര പരിശുദ്ധന്‍ എനിക്ക് പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല.  തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തത് പോലും നന്നായി അറിയുന്നവന്‍ (വിശുദ്ധ ക്വുര്‍ആന്‍ 5.116)
നീ എന്നോട് കല്‍പ്പിച്ചിട്ടില്ലാത്തതൊന്നും ഞാനവരോട് പറഞ്ഞിട്ടില്ല. അഥവാ, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവേ മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായ കാലത്തോളം അവരുടെ എല്ലാറ്റിനും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (വിശുദ്ധ ക്വുര്‍ആന്‍ 5.117
നീ അവരെ ശിക്ഷിക്കുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലേ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും (വിശുദ്ധ ക്വുര്‍ആന്‍ 5.118)

മര്‍യമിന്റെ മകന്‍ മസീഹ് (മിശിഹാ) ദൈവം തന്നയാണെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്. ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്ക് ചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും, തീര്‍ച്ച . അവന്റെ വാസസ്ഥലം നരകമാണ്, അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല. (വിശുദ്ധ ക്വുര്‍ആന്‍ 5. 72)

ദൈവം മൂവരില്‍ ഒരുവനാണെന്ന് (ത്രിത്വം) വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം. ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (വി. ക്വുര്‍ആന്‍ 5.73)

ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാതാപിച്ചു മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ... അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ (വി. ക്വുര്‍ആന്‍ 5.74)
മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പും ദൈവദൂതര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ. നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ച് കൊടുക്കുന്നുവെന്ന്, എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപോകുന്നതെന്ന് (വി. ക്വുര്‍ആന്‍ .75)

Post a Comment

0 Comments