ബര്‍ത്തലോമിയോ ഡയസ് 1486 ല്‍ കൊടുങ്കാറ്റിന്റെ മുനമ്പ് കണ്ടെത്തി. ഇതിന്റെ സഹായത്താലാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക് ആദ്യമായി കടല്‍ മാര്‍ഗ്ഗം എത്തിച്ചേര്‍ന്നത്. ഗുഡ്‌ഹോപ്പ് മുനമ്പ്-ചുറ്റിത്തിരിയുക എന്ന സാഹസികതക്ക് നിയുക്തനായത് പോര്‍ച്ചുഗീസുകാരനായ വാസ്‌ഗോഡ ഗാമ യാണ്.
ഇന്ത്യയിലേക്ക് ചെങ്കടല്‍ മാര്‍ഗ്ഗത്തിലൂടെ സമുദ്രവ്യാപാരം മധ്യകാലം വരെ അറബികളുടെ നിയന്ത്രണത്തിലായിരുന്നു. ഇത് തകര്‍ത്ത് തരിപ്പണമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹിബ്രു ജ്യോതി ശാസ്ത്രഞ്ജനായ എബ്രഹാം ബെന്‍ സാകൂത്തിന്റെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ക്രിസ്തീയ മിഷനറീസിന്റെ സഹായത്തോടെ പോര്‍ച്ചുഗീസ് രാജാവ് ഡോം മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം പോപ്പിന്റെ അനുഗ്രഹാശിര്‍വാദത്തോടുകൂടി കൊട്ടാരത്തിലെ നാവിക ഉദ്യേഗസ്ഥന്‍ വാസ് കോഡ ഗാമയെ നിയോഗിച്ചത്.
ക്രിസ്തു വര്‍ഷം 1497 ജൂലായ് 8-ാം തിയ്യതി ലിസബനിലെ ബലം തുറമുഖത്ത് നിന്ന് സെന്റ് ഗബ്രിയേല്‍ സെന്റ് റഫേല്‍, സെന്റ് മീഗേല്‍ എന്നീ മൂന്ന് കപ്പലുകളിലായി യാത്രയാരംഭിച്ച ഇവര്‍ 1498 മെയില്‍ 15 ന് കോഴിക്കോടെത്തി. ഇവരുടെ കപ്പലുകള്‍ മലബാറിന്റെ പുറം കടലില്‍ പന്തലായനിയില്‍ (കാപ്പാട്) നങ്കൂരമിട്ടു. ഇതിനു ശേഷം കരമാര്‍ഗ്ഗമാണ് ഇവര്‍ കോഴിക്കോട്ടെത്തിച്ചേരുന്നത്. വാസ്‌ഗോഡ ഗാമയും സംഘവും കോഴിക്കോട്ടെത്തിയപ്പോള്‍ സാമൂതിരി സ്ഥലത്തുണ്ടായിരുന്നില്ല.അദ്ദേഹം തന്റെ രണ്ടാം ആസ്ഥാനമായിരുന്ന പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു. ഗാമ തന്റെ ആഗമന ഉദ്ദേശം അറിയിക്കാന്‍ വേണ്ടി രണ്ട് ദൂതന്മാരെ പൊന്നാനിയിലേക്ക് അയക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് രാജാവ് കോഴിക്കോട് രാജധാനിയില്‍ എത്തിച്ചേരുന്നത്.
1498 മെയ് 28 നാണ് ഗാമ കോഴിക്കോട്ടെ രാജധാനിയില്‍ എത്തിച്ചേര്‍ന്നത്. സാമൂതിരിയുമായുള്ള ഈ കൂടിക്കാഴ്ച്ചയില്‍ വാസ്‌കോഡ ഗാമക്ക് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായിരുന്നില്ല. കച്ചവടാവശ്യാര്‍ത്ഥം കരയില്‍ ഒരു ഫാക്ടറി കെട്ടാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് രാജാവ് അനുമതി നല്‍കിയിരുന്നു. സംതൃപ്തനാവാന്‍ കഴിയാത്ത ഗാമ 1498 നവംബര്‍ 4 ന് കോഴിക്കോട് നിന്നും യാത്ര തിരിക്കുകയും ചെയ്തു. പോകുന്ന വഴി കോലോത്തിരിയെയും സന്ദര്‍ശിച്ചാണ് വാസ്‌ഗോഡ ഗാമ മടങ്ങിയത്. മടങ്ങിപ്പോകുമ്പോള്‍ അദ്ദേഹം ഏതാനും മുക്കുവന്‍മാരെയും തട്ടിക്കൊണ്ടുപോയിരുന്നു.
കോഴിക്കോട് വെച്ചുണ്ടായ തിക്തമായ അനുഭവങ്ങള്‍ പോര്‍ച്ചുഗീസുകാരെ പ്രകോപിപ്പിക്കുകയും, പറങ്കികളെ സാമൂതിരിയുടെസാമന്തരുമായും, അദ്ദേഹത്തോട് പകയുള്ള കണ്ണൂര്‍ (കോലോത്തിരി) രാജാവുമായും, വിരോധിയായ കൊച്ചി രാജാവുമായും സൗഹൃദം സ്ഥാപിക്കുകയും, പലതരത്തിലുമുള്ള വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇന്ത്യ ചരിത്രത്തില്‍ ഈ ഉടമ്പടികള്‍ ചോരയില്‍ കുതിര്‍ത്ത അധ്യായത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്ന് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പിടിച്ചുപറിയും, പടിച്ചടക്കലും, കൊള്ളയും , കൊള്ളിവെപ്പും, ആര്‍ത്തിയും അതിക്രമവും നിത്യസംഭവങ്ങളായി മാറി. അതുവരെ ശാന്തിയിലും സമാധാനത്തിലും ജീവിച്ചിരുന്ന മലയാളക്കരയില്‍ അശാന്തിയുടെയും അധര്‍മ്മത്തിന്റെയും ഭീകരാന്തരീക്ഷം പരക്കുകയുണ്ടായി.
വാസ്‌കോഡ ഗാമയുടെ കപ്പലുകളില്‍ കടത്തിക്കൊണ്ടുപോയ ചരക്കുകള്‍ വഴി സംഭരിക്കാന്‍ കഴിഞ്ഞ ലാഭത്തെ മുന്‍നിര്‍ത്തി പോര്‍ച്ചുഗീസ് രാജാവ് 1500 സെപ്തംബര്‍ 13 ല്‍ കബ്രാളിന്റെ നേതൃത്വത്തില്‍ രണ്ടാമതൊരു കച്ചവട സംഘത്തെ ഇന്ത്യയിലേക്കയച്ചു. കോഴിക്കോട്ടെത്തിയ കപ്പല്‍ വ്യൂഹം സജ്ജമായ സാധന സാമഗ്രികളോടെയായിരുന്ന എത്തിയത്. കപ്പലില്‍ 1500ഓളം ഭടന്മാര്‍ ഉണ്ടായിരുന്നു. ലക്ഷ്യത്തിലെത്തിയാല്‍ അവിടെ ഒരു ഫാക്ടറി പണിയുക എന്നതായിരുന്നു ഉദ്ദേശം.6 ബര്‍ത്തലോമിയോ ഡയസ്, നിക്കോളാസ് കെയിലാ എന്നിവരും പാതിരിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യുദ്ധം പ്രഖ്യാപിക്കുമെന്ന് പേടിപ്പിച്ച് കച്ചവടകേന്ദ്രങ്ങള്‍ ഉണ്ടാക്കാനും, തങ്ങളോടൊപ്പം എത്തിയ മിഷനറി പ്രവര്‍ത്തകര്‍ക്ക് മതപ്രവര്‍ത്തനത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും സാമൂതിരിയുടെ രാജ്യത്ത് നിന്നും മുസ് ലിംകളെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനും പോര്‍ച്ചുഗല്‍ രാജാവ് കബ്രാളിന് നിര്‍ദേശം നല്‍കിയിരുന്നു. വിപണിയില്‍ നിന്നും വേണ്ടത്ര സാധനങ്ങള്‍ വാങ്ങാന്‍ രാജാവ് അനുവാദം നല്‍കിയിരുന്നു. കബ്രാള്‍ ചരക്കുകള്‍ക്ക് അധിക വില തരാമെന്ന് പറഞ്ഞ് സാമൂതിരിയുടെ ഉദ്യേഗസ്ഥരെ പ്രലോഭിപ്പിച്ചിരുന്നു. താന്‍ നിശ്ചയിച്ചിരുന്ന വിലക്ക് സാധനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം മുസ്‌ലിം കപ്പലുകള്‍ കൊള്ളയടിച്ചു. ഇതിനെതിരെ പ്രതികരിച്ച മുസ്‌ലിംകളെ അതിക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഇതറിഞ്ഞ സാമൂതിരി അക്രമികളെ കണ്ടെത്തി തൂക്കുമരം ഉള്‍പ്പടെയുള്ള ശിക്ഷകള്‍ നടപ്പിലാക്കി. കോപിതനായ കബ്രാള്‍ കോഴിക്കോട് കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു.
തീരദേശ കച്ചവടം മുസ്‌ലികളുടെ നിയന്ത്രണത്തിലായതിനാല്‍ ഏറ്റവും കൂടുതല്‍ ക്രൂരതക്ക് ഇരയായത് അവര്‍ തന്നെയായിരുന്നു. മുസ്‌ലിംകളോട് പറങ്കികളുടെ തുടര്‍ ചെയ്തികള്‍ പൂര്‍ണ്ണ വൈരാഗ്യത്തോടെയായിരുന്നു. മുസ്‌ലിം സ്ത്രീകളെ മാനഭംഗപ്പെടത്തുക, വിശുദ്ധ ഖുര്‍ആനും, മഹത്ഗ്രന്ഥങ്ങളും കത്തിക്കുക, മുസ്‌ലിം പണ്ഡിതന്മാരെയും, തങ്ങന്മാരെയും ബന്ധനസ്ഥനാക്കുക, മലിന ജലം കെട്ടിനില്‍ക്കുന്ന വഴികളില്‍ മുസ്‌ലിംകളെ വാഹനമായി ഉപയോഗിക്കുക, ശരീരത്തും മുഖത്തും കാര്‍ക്കിച്ച് തുപ്പുക, പ്രവാചകന്മാരുടെ പേര് നിന്ദിച്ച് പറഞ്ഞ് പരിഹസിക്കുക, മുസ്‌ലിംകളെ ചങ്ങലക്കിട്ട് മതിവരുവോളം മര്‍ദിക്കുക, മര്‍ദനമേറ്റ് അവശരായവരെ പട്ടണം തോറും കൊണ്ടുനടക്കുക, നിര്‍ബന്ധ പരിവര്‍ത്തനം ചെയ്യിപ്പിക്കുക, മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് ചര്‍ച്ചുകള്‍ നിര്‍മ്മിക്കുക, മുസ്‌ലിം വ്യാപാരികളുടെ കപ്പല്‍ തകര്‍ക്കുക, സമ്പത്ത് കൊള്ളയടിക്കുക, നിഷ്‌കരുണം കൊല്ലുക എന്നീ ക്രൂരകൃത്യങ്ങളും സാര്‍വത്രികമായി. പറങ്കികളുടെ കിരാത വാഴ്ചയും, നരനായാട്ടും രൂക്ഷമായപ്പോള്‍ മാതൃരാജ്യത്ത് നിന്നും പറങ്കികളെ കെട്ടുകെട്ടിക്കാന്‍ വേണ്ടി സാമൂതിരിയുടെ നേതൃത്വത്തില്‍ മുസ്‌ലിം നേതാക്കന്മാര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. നായര്‍ പട്ടാളവും, മുസ്‌ലിം നാവികപ്പടയുമായിരുന്നു സാമൂതിരിയുടെ ശക്തി. കേരളത്തിന്റെ നാവികസേനാംഗങ്ങള്‍ എല്ലാ തന്നെ മുസ്‌ലികളായിരുന്നു. ധൈര്യവും, ദൃഢനിശ്ചയവും ചെറുവള്ളങ്ങള്‍ നന്നായി നിയന്ത്രിക്കാനുള്ള കഴിവുമായിരുന്നു അവരുടെ ആയുധങ്ങള്‍. കോഴിക്കോട്ടിന്റെ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ സാധ്യമല്ല എന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു.
1500 ഡിസംബര്‍ 4 ന് കൊച്ചിയിലെത്തിയ സംഘത്തെ കൊച്ചി രാജാവായ ഉണ്ണിക്കോത വര്‍മ കോയില്‍ തിരുമുള്‍പ്പാട് സ്വീകരിക്കുകയും ചെയ്തു. പറങ്കികളും കൊച്ചിയും ചേര്‍ന്ന് സാമൂതിരിയെയും മുസ്‌ലിംകളെയും തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ചു. ഇത് കോഴിക്കോടും കൊച്ചിയും തമ്മിലുള്ള യുദ്ധങ്ങള്‍ക്കും കാരണമായി. കൊച്ചിയും, കണ്ണൂരും ബന്ധം പുലര്‍ത്തിയ പോര്‍ച്ചുഗീസുകാര്‍ അവിടെയെല്ലാം കോട്ടകള്‍ കെട്ടി. വ്യാപാര കേന്ദ്രങ്ങളുണ്ടാക്കി താവളമുറപ്പിച്ചു. 1501 നോവയുടെ നേതൃത്വത്തില്‍ ഒരുസംഘം കേരളത്തിലെത്തി. കൊച്ചിയും, കണ്ണൂരും അദ്ദേഹത്തെ സ്വീകരിക്കുവാന്‍ വളരെ താല്‍പര്യം കാണിച്ചു. സാമൂതിരിയുടെ അഞ്ച് വലിയ കപ്പലുകളും ഒമ്പത് വലിയ വഞ്ചികളും നശിപ്പിച്ചാണ് നോവ തന്റെ സാന്നിധ്യം പ്രകടമാക്കിയത്. അയാള്‍ കേരളത്തില്‍ വ്യാപാരം നടത്തിയത് കൊച്ചി രാജാവിന്റെ ജാമ്യത്തിലായിരുന്നു.
സാമൂതിരിയെ ശിക്ഷിക്കാനും ഇന്ത്യ കീഴടക്കാനുമുള്ള ലക്ഷ്യത്തോടെ 1502 ല്‍ വാസ്‌ഗോഡ ഗാമ വീണ്ടും ഇന്ത്യയിലെത്തി. കബ്രാള്‍ കോഴിക്കോടിനെ അക്രമിച്ച ശേഷം സാമൂതിരി വ്യാപാര പ്രമുഖനായ ക്വേജ അംബറിന്റെ വലിയ കപ്പലുകളുടെ തുണയോടെ നാവികപ്പട ബലപ്പെടുത്തിയത്. എന്നാല്‍ ധാരാളം ആയുധങ്ങളും സൈന്യവുമായിട്ടായിരുന്നു ഗാമയുടെ രണ്ടാമത്തെ വരവ് അക്രമപ്രവര്‍ത്തനങ്ങള്‍ തുറന്നുവിട്ട കാലമായിരുന്നു പിന്നീടുണ്ടായത്. വ്യാപാര രംഗത്ത് കൈകടത്തല്‍ നടത്തിയ പറങ്കികള്‍ പിന്നീട് ഭരണ രംഗത്തും സാന്നിധ്യം അറിയിച്ചു. ഗാമയുടെ രണ്ടാം വരവിന് ശേഷം വിന്‍സന്റ് സോഡിയുടെ നേതൃത്വത്തില്‍ അടുത്ത സേനയും ഇന്ത്യയിലെത്തി.
1503 ല്‍ ഫ്രാന്‍സിസ് കോ അല്‍ബുക്കര്‍കിന്റെ നേതൃത്വത്തില്‍ മറ്റൊരു നാവികപ്പടയും എത്തി. അതിനു ശേഷം ഡ്യൂമേറ പാച്ചിക്കോയുടെ നേതൃത്വത്തില്‍ മൂന്നാമതെരു സംഘവും എത്തിച്ചേര്‍ന്നു. 1504 ല്‍ കപ്പല്‍ നിറയെ പട്ടാളക്കാരുമായി ലോപോസോറസ് എത്തി. 1505 ല്‍ ഫ്രാന്‍സിസ്‌കോ അല്‍മേഡ 1500 സൈനികരുമായാണ് എത്തിയത്. ഇദ്ദേഹവും തന്റെ ലക്ഷ്യത്തിലെത്തുന്നതിനുവേണ്ടി അക്രമണ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നീടുള്ള കാലങ്ങള്‍ അക്രമങ്ങളുടെയും യുദ്ധങ്ങളുടേതുമായിരുന്നു. പോര്‍ച്ചുഗീസുകാരെ ഇല്ലാതാക്കാന്‍ വേണ്ടി സാമൂതിരിയും സേനാനായകനായ മരക്കാരും മുസ് ലിം പടയാളികളും ചേര്‍ന്ന് യുദ്ധങ്ങള്‍ ആരംഭിച്ചു. മരക്കാരുടെ സേന പ്രധാനമായും ഒളിപ്പോരിലൂടെയാണ് ആക്രമണങ്ങളെ ചെറുത്തുനിന്നിരുന്നത്. വ്യാപാരപരമായും ഭരണകാര്യത്തിലും കൈകാര്യകര്‍ത്തവാകാന്‍ ശ്രമിച്ച പോര്‍ച്ചുഗീസുകാരെ കേരളക്കരയില്‍ നിന്നും ഒരു നൂറ്റാണ്ടു നില നില്‍ക്കുന്ന യുദ്ധത്തിലൂടെ സമൂതിരിയുടെ മരക്കാര്‍ നേതൃത്വത്തിലുള്ള സംയുക്ത സേന ഒരേസമയം കടലിലും കരയിലും യുദ്ധം ചെയ്തുകൊണ്ട് ഇവിടെ നിന്നും ആട്ടിയോടിക്കുകയുണ്ടായി. വിദേശ ആയുധങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സാമൂതിരിയുടെ സേനക്ക് പരാജയം നേരിടേണ്ടി വന്നെങ്കിലും കേരളത്തില്‍ നിന്നു പോര്‍ച്ചുഗീസുകാരെ ഇല്ലാതാക്കാന്‍ സാധിച്ചു.
1500 ല്‍ കബ്രാള്‍ കോഴിക്കോടിനെ ആക്രമിച്ചപ്പോള്‍ ജനങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പ് 1600 ല്‍ കുഞ്ഞാലി നാലാമനെ സമൂതിരി പോര്‍ച്ചുഗീസുകാരെ ഏല്‍പ്പിക്കുന്നതുവരെ നീണ്ടുനിന്നു. 1600 ന് ശേഷവും ചെറിയ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. ഇതിനിടയില്‍ നൂറകണക്കിന് നേതാക്കന്മാര്‍ ഉയര്‍ത്തെഴുന്നേറ്റ് പ്രസ്ഥാനത്തെ നയിക്കുകയും ചെയ്തു. ഈ കാലത്തിനിടക്കു തന്നെ നാല് കുഞ്ഞാലി മരക്കാര്‍ സാമൂതിരിയുടെ നാവിക സേനാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുസ്ലിം സമുദായത്തെ സജീവ പ്രവര്‍ത്തകരാക്കാന്‍ മഖ്ദുമുകള്‍ക്കു സാധിച്ചു. ജാതി -മത വിത്യാസമില്ലാതെയുള്ള ജനങ്ങള്‍ നിലനിര്‍ത്തിയ ഐക്യമായിരുന്നു ഈ പോരാട്ടത്തിന്റെ ശക്തി.13
പുതിയ രാജ്യങ്ങളെയും ജനങ്ങളെയും തേടിയുള്ള പറങ്കികളുടെ പ്രയാണം ലക്ഷ്യബോധത്തോടുകൂടിയായിരുന്നു. അവിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരിക, സമുദ്രാധിപത്യവും കച്ചവടകുത്തകയും കരസ്ഥമാക്കുക, തങ്ങളുടെ ശത്രുക്കളായ മുസ്ലിംകളെ ഉന്മൂലനം ചെയ്യുക, ഇവ നേടുന്നതിന് ചെയ്യേണ്ടതായി വരുന്ന ഏത് ക്രൂരകൃത്യത്തിനും നരഹത്യക്കും പാപമോചനം ക്രൈസ്തവ പൗരോഹിത്യാധിപതിയായ പോപ്പില്‍ നിന്നും മുന്‍കൂട്ടി തന്നെ സമ്പാദിച്ചിരുന്നു. ഏതു നികൃഷ്ട പ്രവൃത്തിക്കും അങ്ങനെ ഒട്ടും മനഃസാക്ഷിക്കുത്ത് കൂടാതെ തന്നെ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാമെന്ന വിശ്വാസമാണ് കേരളത്തിലും അവരെത്തപ്പെട്ട മറ്റിടങ്ങളിലും എന്തും ചെയ്യുവാന്‍ മടിയില്ലാത്ത ക്രൂരന്മാരി അവരെ മാറ്റിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ രാഷ്ട്രീയ കൂട്ടുകെട്ടിലും, യുദ്ധ സമ്പ്രദായത്തിലും, കച്ചവടശൈലിയിലും ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. മുസ്ലിം കച്ചവടക്കാര്‍ക്ക് അവരുടെ കച്ചവടകുത്തകയും, സമുദ്രാധിപത്യവും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. നാട്ടുരാജാക്കന്മാരുമായുണ്ടായിരുന്ന സൗഹൃദത്തിന് കോട്ടം തട്ടുകയും ചെയ്തു. ഇതിനെക്കാളുമുപരി കേരളത്തെയും കേരളീയരെയും ഉലച്ച പ്രധാന സംഭവം അനാദികാലം മുതല്‍ ഇവിടെ നിലനിന്നിരുന്ന സാമുദായിക ഐക്യവും മതസഹിഷ്ണുതയും ഇല്ലാതായി എന്നതാണ്. അത്യാന്താധുനികങ്ങളായ ആയുധ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സാഹസിക പരാക്രമങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നത് സമ്പത്തും, പ്രതാപവുമായി അതീവ ഉല്‍കര്‍ഷം പ്രാപിച്ചുകൊണ്ടിരുന്ന മുസ്ലിംങ്ങളാണ്. അതുവരെ തങ്ങളുടെ കൈവശമിരുന്ന വ്യാപാരകുത്തകയും കടലിലെ നാവിക പ്രൗഢിയും ശക്തിയായ വെല്ലുവിളിക്കിരയായതോടു കൂടി തങ്ങളുടെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന പ്രതാപത്തെ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള സുദീര്‍ഘമായ സമരവേദിയായി മാറി അറബിക്കടലിന്റെ വിരിമാറ്. മുസ്‌ലിം കച്ചവടം മാത്രമല്ല മുസ്ലിംങ്ങളെ ഇത്തരത്തിലെല്ലാം ആക്രമിക്കാന്‍ പ്രധാന കാരണം ഇസ്‌ലാമിന്റെ വ്യാപനം ക്രിസ്തുമതത്തില്‍ കോട്ടം തട്ടും എന്നതിനാലാണ്. അതുകൊണ്ടുതന്നെ സ്‌പെയിനിലും, തുര്‍ക്കിയിലും ഇസ്‌ലാമിനെതിരെയുണ്ടായ യുദ്ധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കൊടിയിറക്കമായിട്ടാണ് പറങ്കികള്‍ കേരളത്തിലും എത്തിയത്. വ്യാപാരം എന്ന ലക്ഷ്യത്തിന് പിന്നില്‍ ഇസ്‌ലാം മതത്തിന്റെ നാശവും അവര്‍ കണക്കാക്കിയിരുന്നു.
1498 ല്‍ വാസ്‌ഗോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയത് മുതല്‍ 1663 ല്‍ ഡച്ചുകാര്‍ പറങ്കികളെ കെട്ടുകെട്ടിക്കുന്നതുവരെ നമ്മുടെ ചരിത്രത്തില്‍ മുസ് ലിംങ്ങള്‍ പറങ്കികളുമായി ഐതിഹാസികമായ സംഘട്ടനങ്ങള്‍ നേരിടുകയുണ്ടായി.
0 Comments