പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ മഖ്ദൂം - മരക്കാര്‍ - സാമൂതിരി സംയുക്ത കൂട്ടായ്മ

മഖ്ദൂം ഒന്നാമന്‍

കേരളീയ മുസ്ലിം നവോത്ഥാനത്തിന് ആരംഭം കുറിച്ചത് മാലിക്ക് ബ്‌നു ദിനാറും അതിന്റെ വ്യാപനത്തിന് ഊര്‍ജ്ജം പകര്‍ന്നത് ആദ്യകാല മഖ്ദൂമുകളുമായിരുന്നു. മാലിക്ക് ബ്‌നു ദീനാറും അനുചരന്മാര്‍ക്കും ശേഷം കേരളീയ മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത പ്രതാപനായ ചരിത്ര പുരുഷനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍. കേരളത്തിന്റെ മുസ്ലിം വൈജ്ഞാനിക നായകനും സൂഫി വര്യനും പണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് തന്റെ അനുപമ സിദ്ധി വിശേഷം മതവിജ്ഞാനത്തിന്റെയും ദേശത്തിന്റെയും സര്‍വ്വതോന്മുഖമായ പുരോഗതിക്കും വിനിയോഗിക്കപ്പെടുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഉജജ്വലമായ നേതൃത്വം നല്‍കിയതും താത്വിക അടിത്തറ പാകിയതുമാണ് അദ്ദേഹത്തെ കേരള മുസ്‌ലിംങ്ങളുടെ അനിഷേധ്യ നേതാവായി ഉയര്‍ത്താന്‍ കാരണമായത്. 

ശൈഖ് സൈനുദ്ദീന്‍ കബീര്‍ ഹിജ്‌റ 871 ഷഹബാന്‍ 12ന് വ്യാഴാഴ്ച 1467 മാര്‍ച്ച് 18 ന് പ്രഭാഥ സമയത്ത് കൊച്ചിയിലെ കൊച്ചങ്ങാടിയിലുള്ള മഖ്ദൂമിയ ഭവനത്തില്‍ ജനിച്ചു. അബൂ യഹ്‌യാ സൈനുദ്ദീനുബ്‌നു ശൈഖ് അലിബ്‌നു ശൈഖ് അഹമ്മദ് അല്‍ മഅ്‌വര എന്നതാണ് പൂര്‍ണ്ണനാമം. പണ്ഡിത പാരമ്പര്യമുള്ള കുടുംബമായിരുന്നു മഖ്ദൂമിന്റേത്. കൊച്ചിയിലെത്തി താമസമാക്കിയ മഖ്ദൂമിയ കുടുംബം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മുസ്ലിംങ്ങള്‍ ക്കിടയില്‍ പ്രത്യേക ഖ്യാതി നേടുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പൊന്നാനിയിലെത്തിയ ശൈഖ് സൈനുദ്ദീന്‍ ഇബ് റാഹീം ഇവിടെ മതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരള മുസ്‌ലിംങ്ങളുടെ മക്ക എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതും ഇസ്ലാമിക പണ്ഡിതന്മാരുടെ അതിനിവാസകേന്ദ്രം എന്ന് പിന്നീട് അറിയപ്പെടുകയും ചെയ്തു. പൊന്നാനിയില്‍ പാണ്ഡിത്യത്തിനും പ്രഭുത്വത്തിനും മഖ്ദൂമിയ കുടുംബം പ്രസിദ്ധിയാര്‍ജിച്ചു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ പിതാവില്‍ നിന്നും മറ്റും പ്രാഥമിക പഠനം ആരംഭിച്ചു. പിതാവിന്റെ മരണശേഷം 14-ാം വയസ്സില്‍ പൊന്നാനിയിലെ ഖാസിയായി സേവനമനുഷ്ഠിക്കുന്ന പിതൃവ്യന്‍ ശൈഖ് സൈനുദ്ദീന്‍ ഇബ് റാഹീം സൈനുദ്ദീന്‍ മഖ്ദൂമിനെ ഉന്നത പഠനത്തിനു വേണ്ടി പൊന്നാനിയിലേക്ക് കൊണ്ടുവന്നു. ഹിജ്‌റ 9-ാം നൂറ്റാണ്ടിന്റെ അരംഭത്തിലാണ് മഖ്ദൂമിയ്യ കുടുംബം പൊന്നാനിയില്‍ സ്ഥിര താമസമാക്കിയത്. 

ഖുര്‍ആന്‍ മനഃപാഠമാക്കുകയും, വ്യാകരണം, കര്‍മ്മശാസ്ത്രം, ആത്മീയ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഇദ്ദേഹം പ്രാവിണ്യം നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശത്തുപോയി വിദ്യാഭ്യാസം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായി വിദേശത്തുപോയി വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് മഖ്ദൂം ഒന്നാമന്‍. ഈജിപ്തിലെ അല്‍ അസ് ഹര്‍  യൂണിവേഴ്സ്റ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മഖ്ദൂം പൊന്നാനിയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുമായി രംഗത്തുവരികയും പൊന്നാനി സ്വദേശികളുടെ ആദരവും ബഹുമാനവും ഏറ്റുവാങ്ങുകയും ചെയ്തു.

പൊന്നാനിയില്‍ പ്രസിദ്ധമായ വലിയ പള്ളി ജുമാ മസ്ജിദ് പണികഴിപ്പിക്കാന്‍ മഖ്ദൂം നേതൃത്വം നല്‍കി. പൊന്നാനിയുടെ പരിഷ്‌കര്‍ത്താവായി മാറിയ മഖ്ദൂം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിച്ചു. ആത്മീയമായ പരിഷ്‌കരണങ്ങളാണ് മറ്റെന്തിനേക്കാളും    പരമപ്രധാനമെന്നു പഠിപ്പിച്ച മഖ്ദൂം അത് പ്രാവര്‍ത്തകമാക്കുകയുണ്ടായിരുന്നു. 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയില്‍ ഇസ്‌ലാമിക പ്രബോധനം ശക്തമാക്കിയ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുന്നത്. പറങ്കികളുടെ ആക്രമണം പലവട്ടം പൊന്നാനിക്ക് നേരിടേണ്ടി വന്നു. പറങ്കികള്‍ക്കെതിരെ ജിഹാദ് നടത്താന്‍ മഖ്ദൂം ആഹ്വാനം ചെയ്്തു. ഈ അവസരത്തില്‍ ഇവിടം അരങ്ങേറിയ സംഭവ വികാസങ്ങളെക്കുറിച്ച് ചിന്തോദീപവും വിപ്ലവസ്വരമുള്ള ഒരു കാവ്യം പോര്‍ച്ചുഗീസുകാരുടെ സാമ്രാജത്വത്തിനെതിരെ രചിക്കുകയുണ്ടായി. സാമ്രാജത്വത്തിനെതിരെ ലോകത്ത് രചിക്കപ്പെട്ട ആദ്യ കൃതിയായിരുന്നു ഇത്. തഹ് രീള് അലാ അഹ് ലിന്‍ ഈമാന്‍ അല്‍ ജിഹാദി എന്നതാണ് ആ രചനയുടെ പേര്. ശൈഖ് മഖ്ദൂം സാമ്രാജത്വത്തിനെതിരെ സാമൂതിരിയെ സഹായിക്കാനും സാമ്രാജത്വശക്തികള്‍ക്കെതിരെ മുസ്ലിം സമൂഹത്തെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും രാഷ്ട്രീയപരമായ ഇടപെടലുകളിലൂടെ നാടിനനുഭവിച്ച ഭീഷണി തട്ടിയകറ്റാനും അദ്ദേഹം തയ്യാറായി. 

ഹിജ്‌റ 928 ശഅബാന്‍ 16 ന് 1522 ജൂലായ് 10 വെള്ളിയാഴ്ച മഖ്ദൂം കബീര്‍ ഇഹലോകവാസം വെടിഞ്ഞു. പൊന്നാനിയില്‍ കബറടക്കുകയും ചെയ്തു.



മഖ്ദൂം രണ്ടാമന്‍

സൈനുദ്ദീന്‍ മഖ്ദൂമിന്റെ പുത്രന്മാരില്‍ ഒരാളും ഉന്നതനായ പണ്ഡിതനും പോര്‍ച്ചുഗീസ് വിരുദ്ധ സമര നായകനുമായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം. 

ഹിജ്‌റ 914 - 1508 നോടടുത്ത് അബ്ദുല്‍ അസീസ് പൊന്നാനിയില്‍ ജനിച്ചു. പിതാവില്‍ നിന്നും പ്രാഥമിക വിദ്യ നേടിയ ഇദ്ദേഹം പിന്നീട് കോഴിക്കോട് ഖാളി അഹമ്മദ് കാലികൂത്തിയുടെ ശിഷ്യത്വം സ്വീകരിച്ചു. പോര്‍ച്ചുഗീസ് വിരുദ്ധ സമരത്തില്‍ സാമൂതിരിപ്പടക്കൊപ്പം നിന്ന സേനാനികളെ നിയന്ത്രിച്ചിരുന്ന കൂട്ടത്തില്‍ ഖാളി മുഹമ്മദിനൊപ്പം അബ്ദുല്‍ അസീസ് മഖ്ദൂമും രംഗത്തുണ്ടായിരുന്നു. ചാലിയം കോട്ട പിടിച്ചെടുക്കാന്‍ പോര്‍ച്ചുഗീസുകാരുമായി നടത്തിയ ഘോരയുദ്ധത്തിലായിരുന്നു അദ്ദേഹം പങ്കാളിയായത്. യുദ്ധക്കളത്തിലിറങ്ങി പടവെട്ടി മഖ്ദൂം ധീരതയും കര്‍ത്തവ്യബോധവും പ്രകടിപ്പിച്ചു. 

നല്ലൊരു ഗ്രന്ഥകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കിതാബുല്‍ ഈമാന്‍, കിതാബുല്‍ ഇസ്‌ലാം എന്നീ രണ്ടു കൃതികള്‍ അദ്ദേഹം അറബി ഭാഷയില്‍ രചിച്ചതാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ ചില രചനകളും അദ്ദേഹമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹിജ്‌റ 994- 1586 ല്‍ അബ്ദുല്‍ അസീസ് മഖ്ദൂം മരണപ്പെട്ടു. ഖബറിടം പൊന്നാനിയില്‍ തന്നെയാകുന്നു.


മഖ്ദൂം മൂന്നാമന്‍ 

ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ സീമന്തപുത്രനായിട്ടുള്ള ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍ ഹിജ്‌റ 934 - 1524 ല്‍ ജനിച്ചു. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നാണിദ്ദേഹം അറിയപ്പെട്ടത്. പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍ നിന്ന് നേടിയ ഇദ്ദേഹം ഉന്നത പഠനത്തിനായി പൊന്നാനി വലിയ പള്ളി ജുമാ മസ്ജിദിലെത്തി. തന്റെ പിതൃസഹോദരനും പണ്ഡിതനും സമരസേനാനിയുമായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ ശിഷ്യത്വത്തില്‍ അദ്ദേഹം ഏതാനും വര്‍ഷം പഠനം നടത്തുകയും ചെയ്തു. ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കിയിരുന്നു. തുടര്‍ ഠനാര്‍ത്ഥം മക്കയിലേക്ക് പോവുകയും പഠനാനന്തരം പൊന്നാനിയില്‍ തിരിച്ചെത്തുകയും ചെയ്തു. വിജ്ഞാന പ്രചരണത്തിലും ഇസ്ലാമിക പ്രബോധനത്തിലും മുഴുകി. തന്റെ ഗുരുനാഥനും പിതൃവ്യനുമായ അബ്ദുല്‍ അസീസ് മഖ്ദൂമിനോടൊപ്പം പൊന്നാനി വലിയ ജുമാ മസ്ജിദില്‍ അധ്യാപനം ആരംഭിക്കുകയും 36 വര്‍ഷം ഈ അധ്യാപനം തുടരുകയും ചെയ്തു. 

ആത്മീയ നേതാക്കളോടെന്ന പോലെ രാഷ്ട്രീയ നേതാക്കന്മാരോടും മഖ്ദൂം ബന്ധം പുലര്‍ത്തി. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ഷാ, കോഴിക്കോട് സാമൂതിരി, ബിജാപൂര്‍ സുല്‍ത്താന്മാര്‍ തുടങ്ങിയവരുമായും ബന്ധം സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആവേശം കാണിച്ച ഭരണാധികാരി എന്ന നിലയില്‍ ബീജാപൂര്‍ സുല്‍ത്താനായ അലി ആദില്‍ഷായെ മഖ്ദൂം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന തന്റെ പ്രമുഖ പ്രചാരമായ ചരിത്രകൃതി മഖ്ദൂം സമര്‍പ്പിച്ചത് ബീജാപൂര്‍ സുല്‍ത്താന്റെ പേരിലായിരുന്നു.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈന്യസഹായത്തിനും മുസ്ലിം രാജ്യങ്ങളിലേക്ക് സന്ദേശമയച്ചു. കുഞ്ഞാലിമരക്കാരുടെ കീഴില്‍ മാപ്പിളമാരുടെ നാവികപ്പട ഉണ്ടാക്കാന്‍ സാമൂതിരിയെ സഹായിച്ചതും മഖ്ദൂം തന്നെയായിരുന്നു. മുസ്ലിം രാഷ്ട്രത്തലവന്മാര്‍ക്ക് സാമൂതിരിയെ സഹായിക്കുന്നതിന് വേണ്ടി അദ്ദേഹം പലകത്തിടപാടുകളും നടത്തിയിരുന്നു. 23

മുസ്ലിം ലോകത്തിനും, ഇന്ത്യ രാജ്യത്തിനും സംഭാവനകളര്‍പ്പിച്ചതില്‍ സൈനുദ്ദീന്‍ കബീറിനേക്കാള്‍ മുന്‍പന്തിയിലാണ് സൈനുദ്ദീന്‍ സഗീര്‍. അദ്ദേഹത്തിന്റെ രചനകള്‍ വിശ്വവിഖ്യാതങ്ങളാണ്. തുഹ്ഫത്തുല്‍ മുജാഹിദീന്, ഫത്ഹുല്‍ മുഈന്‍, ഇര്‍ഷാദുല്‍ ഇബാദ് തുടങ്ങിയവ ചരിത്രകാര്‍ക്കിടയിലും കര്‍മ്മശാസ്ത്ര വിശാരദന്മാര്‍ക്കിടയിലും ആധ്യാത്മിക മേഖലയിലും ഇന്നും നിലകൊള്ളുന്ന ഗ്രന്ഥങ്ങളാണ്. ഇദ്ദേഹത്തിന്റെ പ്രശസ്ത രചനയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ലോകഭാഷകളില്‍ തന്നെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളിലൂടെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയ നൂറ്റാണ്ടിന്റെ പോരാടത്തെക്കുറിച്ച് വ്യക്തമായി പറയുന്നു. 24 മഖ്ദൂമിന്റെ മരണം ഹിജ്‌റ വര്‍ഷം 1028 - 1619 ലാണെന്ന് കണക്കാക്കപ്പെടുന്നു.


കുഞ്ഞാലി മരക്കാര്‍മാര്‍

ഫാക്കി അഹമ്മദ് മരക്കാരും സഹോദരന്‍ കുഞ്ഞാലിമരക്കാരും അമ്മാവന്‍ മുഹമ്മദ് മരക്കാരും കൊച്ചിയിലെ സമ്പന്ന കച്ചവടക്കാരായിരുന്നു. അതെ കുടുംബത്തിലെ മമ്മാലി മരക്കാര്‍ കൊച്ചി രാജ്യത്തിലെ സമ്പന്നരില്‍ പ്രമുഖനായിരുന്നു. സമുദ്രവ്യാപാരിയായിരുന്ന മമ്മാലി മരക്കാരുടെ പിന്‍ഗാമിയായിരുന്ന കുട്ട്യാലി മരക്കാരുടെ മകനാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് എന്നാണ്. ജന്മസ്ഥലം കൊച്ചിയായിരുന്നു. വ്യാപാര പ്രമുഖരായ പിതാവിന്റെയും കുടുംബത്തിന്റെയും കൊച്ചിയിലുള്ള വ്യാപാരശാലകളും കപ്പലുകളും പറങ്കികള്‍ കൊള്ളയടിച്ചു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുഹമ്മദ് മരക്കാരും കുടുംബവും 1524 ല്‍ കൊച്ചിയില്‍ നിന്നും പൊന്നാനിയിലേക്ക് താമസം മാറ്റി. മരക്കാര്‍ കുടുംബത്തിന് കൊച്ചിക്കാരനായിരുന്ന മഖ്ദൂം ഒന്നാമന്റെ ക്ഷണവും ഉണ്ടായിരുന്നു പൊന്നാനിയിലേക്ക്. 

പറങ്കികള്‍ പൊന്നാനിയിലുള്ള മുസ്ലിംകളെയും നിരന്തരമായി അക്രമിച്ചു കിരാത മര്‍ദ്ദനത്തില്‍ സഹികെട്ട മരക്കാര്‍ തങ്ങളുടെ വന്‍വ്യാപാരസമ്പത്ത് വിട്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നേതൃത്വം നല്‍കിയ മഖ്ദൂമിന്റെ ആഹ്വാനമനുസരിച്ച് മുഹമ്മദ് മരക്കാരുടെ നേതൃത്വത്തില്‍ മുസ്ലിം യുവാക്കളെ സംഘടിപ്പിച്ച് അഭ്യാസമുറകള്‍ പഠിപ്പിച്ച് സുശക്തമായ പോരാട്ടത്തിന് സജ്ജമാക്കി. ഇതിനുശേഷം സാമൂതിരിയെ കണ്ട് തങ്ങളുടെ സമ്പത്തും കപ്പലുകളും ആയുധങ്ങളും സേവനങ്ങളുമെല്ലാം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം നടത്താന്‍ അടിയറവെക്കുന്നു എന്ന് ബോധിപ്പിക്കുകയും ചെയ്തു. 1507 ല്‍ പൊന്നാനി അക്രമിക്കപ്പെട്ടപ്പോള്‍ മുസ്ലിം പോരാളികളുടെ പോരാട്ട വൈദഗ്ധ്യം ബോധ്യപ്പെട്ട സാമൂതിരി മുഹമ്മദ് മരക്കാരെ നാവിക സേനയുടെ നാവികനായി നിയമിച്ചു. 26  ശേഷമുണ്ടായ യുദ്ധങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് കുഞ്ഞാലി മരക്കാരാണ്. ഔദ്യോഗിക ചിഹ്നമായ പട്ടുതൂവാല കെട്ടാനുള്ള അവകാശവും കുഞ്ഞാലി മരക്കാര്‍ എന്നുള്ള സ്ഥാനപ്പേരും നല്‍കി. സേവന നായകരില്‍ ഒന്നാം സ്ഥാനക്കാരന്‍ കുഞ്ഞാലിമരക്കാരെന്നും രണ്ടാം സ്ഥാനക്കാരന്‍ കുട്ടി ഹസ്സന്‍ മരക്കാരെന്നും അറിയപ്പെട്ടു. ഒന്നാം കുഞ്ഞാലി മരക്കാര്‍ മൃതിയടഞ്ഞപ്പോള്‍ ക്രമാനുസൃതം രണ്ടാമനും മൂന്നാമനും നാലാമനും സൈന്യാധിപന്മാരായി ഉയര്‍ത്തപ്പെട്ടു.

തീരദേശ കുന്നുകളില്‍ പോര്‍ച്ചുഗീസ് കപ്പലുകളെ നിരീക്ഷിക്കാന്‍ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിലുള്ള കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് പ്രതിരോധത്തിന് ആളുകളെ സംഘടിപ്പിച്ചു. ആഴമില്ലാത്ത തീര കടലിനു യോജിച്ചതും നാല്‍പതോളം ആയുധധാരികള്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്നതുമായ നൂറുകണക്കിന് വള്ളങ്ങള്‍ നദീമുഖത്തും തന്ത്രപ്രധാന സ്ഥങ്ങളിലും കേന്ദ്രീകരിച്ചാണ് ഒളിപ്പോരിന് കുഞ്ഞിമരക്കാരും സംഘവും ഒരുങ്ങിയത്.  പോര്‍ച്ചുഗീസ് കപ്പലുകള്‍ കണ്ടാലുടന്‍ കുന്നുകളിലെ കേന്ദ്രങ്ങളില്‍ തീ കത്തിക്കുകയും ആ അടയാളം മനസ്സിലാക്കി നാലുഭാഗത്തുനിന്നും ആയുധധാരികള്‍ വള്ളങ്ങളില്‍ കപ്പലുകളെ ആക്രമിക്കാന്‍ വേണ്ടി പുറപ്പെടുകയും ചെയ്യും. വലിയ പീരങ്കികളുള്ള കപ്പിലിനു ചുറ്റും വള്ളങ്ങള്‍ എത്തിക്കഴിഞ്ഞാലുടന്‍ കപ്പല്‍ പായക്ക് തീ കൊടുത്ത് കപ്പലിന്റെ സഞ്ചാരം തടങ്ങ ശേഷം കപ്പലില്‍ കയറി പോര്‍ച്ചുഗീസുകാരുമായി നേരിട്ടു യുദ്ധം ചെയ്യുന്ന രീതിയായിരുന്നു കുഞ്ഞാലി മരക്കാരുടെ സമുദ്രാക്രമണങ്ങള്‍. കുന്നുകളില്‍ തെളിയുന്ന തീ സാമൂതിരിയുടെ കപ്പലുകള്‍ക്ക് ശത്രുസാന്നിദ്ധ്യം മനസ്സിലാക്കാനും സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുമുള്ള മുന്നറിയിപ്പായും ഉപകരിച്ചിരുന്നു. 27 ക്യാപ്റ്റന്‍  കുട്ട്യാലിയെ പോര്‍ച്ചുഗീസുകാര്‍ക്ക് ഭയമായിരുന്നു. രണ്ടു കൊല്ലത്തേക്ക് കൊച്ചിയും ഗോവയുമായുള്ള ബന്ധം തകര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 10 കൊല്ലക്കാലം പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയുടെ സേനയെ നശിപ്പിക്കാന്‍ അവിശ്രമം പരിശ്രമിച്ചു. ചിലപ്പോള്‍ സാമൂതിരിമാര്‍ അശക്തരായെങ്കിലും മുസ്ലിംങ്ങള്‍ പിന്തിരിഞ്ഞിരുന്നില്ല. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ തളരാതെ ശക്തരായി സാമ്രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് അവരായിരുന്നു. 



കുഞ്ഞാലി ഒന്നാമന്‍

മുഹമ്മദലി മരക്കാരുടെ കീഴില്‍ മേധാവികളായി നിയമിതരായിരുന്നവരില്‍ പ്രസിദ്ധനായിരുന്നു കുഞ്ഞാലി ഒന്നാമന്‍  എന്ന അപരക്കാരനായിരുന്ന കുട്ടിയാലി മരക്കാര്‍. താനൂര്‍ കേന്ദ്രമാക്കി വലിയൊരു നാവിക വ്യൂഹം കുട്ടിയാലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന നിരതമായിരുന്നു. മുഹമ്മദാലിയുടെ മരണത്തിന് ശേഷം സാമൂതിരിയുടെ നാവിക അഡ്മിറലായി കുട്ടിയാലിയെ നിയമിച്ചു.

പറങ്കികളെ തോല്‍പ്പിക്കല്‍ ശ്രമകരമായ പണിയാണെന്ന് മനസ്സിലാക്കിയ കുട്ട്യാലി പോര്‍ച്ചുഗീസ് കപ്പലുകളെ കീഴ്‌പ്പെടുത്താന്‍ വേണ്ടി അതിവേഗം തുഴഞ്ഞെത്താന്‍ കഴിവുള്ള ചെറിയ വള്ളങ്ങളും പത്തേമാരികളും തോണികളും തയ്യാറാക്കുകയും സമുദ്രത്തില്‍ ഒളിപ്പോര് നടത്തുന്ന സാങ്കേതിക മുറ തന്റെ നാവികരെ അഭ്യസിപ്പിക്കുകയുമാണ് ആദ്യം ചെയ്തത്. നൂറുകണക്കിന് ഇത്തരം ചെറിയ ബോട്ടുകളും അതില്‍ ആയുധധാരികളായ നാവികരും മലബാറിലെ അഴിമുഖങ്ങളിലൊക്കെ തന്നെ അദ്ദേഹം തയ്യാറാക്കി നിര്‍ത്തി. കാറ്റിന്റെ ഗതിക്കനുസൃതം മാത്രം നീങ്ങുന്ന കപ്പലുകളുടെ ആഗമനം ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും വീക്ഷിച്ച് അവയുടെ മേല്‍ പെട്ടെന്ന് ചാടി വീണ് ആക്രമണം നടത്തുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്.  കടല്‍ തീരത്തുള്ള കുന്നിന്‍ മുകളിലൊക്കെ അദ്ദേഹത്തിന്റെ പാറാവുകാര്‍ കര്‍മ്മ നിരതരായി അഹ്വാരാത്രം സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. പറങ്കികളുടെ നിരവധി കപ്പലുകള്‍ ഈ സമരമുറ അനുസരിച്ച് മാപ്പിള നാവികര്‍ കീഴടക്കി. പറങ്കികളില്‍ പരിഭ്രാന്തി സൃഷ്ടിച്ച ശക്തനായ പോരാളിയായിരുന്നു കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍. പറങ്കികളുടെ അനുമതിയോ, സഹായമോ കൂടാതെ കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ മറുനാട്ടിലേക്ക് കയറ്റി അയക്കുവാനുള്ള ശ്രമമാണ് വിജയകരമായി കുഞ്ഞാലി ആസൂത്രണം ചെയ്തിരുന്നത്. കോഴിക്കോട്ട് നിന്ന് എട്ടു വലിയ കപ്പലുകള്‍ നിറയെ കുരുമുളക് കയറ്റി തന്റെ നാവിക ഭടന്മാരുടെ അകമ്പടിയോടു കൂടി 1523 ല്‍ ചെങ്കടല്‍ തുറമുഖങ്ങളിലേക്ക് അദ്ദേഹം അയച്ചു. പറങ്കികളഉടെ കണ്‍മുന്നില്‍ നടത്തിയ ഈ സാഹസികതക്കെതിരെ അവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. കുഞ്ഞാലിയുടെ നാല്‍പത് ഓടങ്ങളാണ് ഈ കപ്പലുകളെ അനുഗമിച്ചിരുന്നത്. 

കുട്ട്യാലിയുടെ നാവികപ്പടയെ നേരിടുവാന്‍ സന്നദ്ധനായത് പോര്‍ച്ചുഗീസുകാരനായ സംവായോ ആയിരുന്നു. കണ്ണൂര്‍ കടല്‍ തീരങ്ങളില്‍ വെച്ചുണ്ടായ ഉഗ്രപോരാട്ടത്തില്‍ ഇരുഭാഗത്തും കനത്ത ആള്‍നാശം സംഭവിച്ചതല്ലാതെ ആര്‍ക്കും വിജയിക്കുവാന്‍ സാധിച്ചില്ല. പറങ്കികളുമായുള്ള പല സംഘട്ടനങ്ങളിലും പരാജിതനായെങ്കിലും ഈ തിരിച്ചടികളൊന്നും വീരസാഹസികരായ കുഞ്ഞാലിയെയും മാപ്പിള നാവികരെയും പിന്തിരിപ്പിക്കുവാന്‍ പ്രേരകമായിരുന്നില്ല. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടുകൂടി വീണ്ടും അവര്‍ സമര രംഗത്തിറങ്ങി. അതിനായി കടലിലും, കരയിലും സംഭ്രാന്തിയുണ്ടാക്കും വിധം പറങ്കികളില്‍ ഭയം ജനിപ്പിച്ചുകൊണ്ടിരുന്നു. പറങ്കികള്‍ സാമൂതിരിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ പൊന്നാനിയെ കടന്നാക്രമിക്കുകയും അവിടെയുണ്ടായിരുന്ന പല കപ്പലുകളും അഗ്നിക്കിരയാക്കുകയും ചെയ്തതിനു പറമെ മുസ്ലിം പള്ളികളും വ്യാപാര കേന്ദ്രങ്ങളും തകര്‍ക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി കുഞ്ഞാലി കൊച്ചിയിലെത്തി അവിടെയുണ്ടായിരുന്ന പറങ്കികപ്പലുകള്‍ കടലില്‍ താഴ്ത്തുകയും ചെയ്തു. യാതൊരു നാശനഷ്ടവുമില്ലാതെ അദ്ദേഹവും നാവികരും തിരിച്ചെത്തുകയും ചെയ്തു. ഇതിനു ശേഷം 1528 ല്‍ പറങ്കികളുമായി നേരിട്ടുള്ള യുദ്ധത്തില്‍ പരാജയം നേരിട്ട കുഞ്ഞാലിയുടെ നാവികപ്പട അതേ വര്‍ഷം തന്നെ ചേറ്റുവ തുറമുഖത്ത് വെച്ച് പറങ്കികളുമായി വീണ്ടും യുദ്ധം ചെയ്യുകയും, ഈ ആക്രമണത്തില്‍ വിജയകരമായി പറങ്കികളെ തുരത്തുകയും ചെയ്യാന്‍ കുഞ്ഞാലിക്കും കൂട്ടര്‍ക്കും സാധിച്ചു. 

പറങ്കികള്‍ താനൂര്‍ രാജാവിന്റെ പിന്തുണയും അതുവഴി സാമൂതിരിയില്‍ നിന്നും ചാലിയത്തൊരു കോട്ട കെട്ടാന്‍ അനുമതി നേടുകയും ചെയ്തു. കോട്ടയുടെ നിര്‍മ്മാണത്തിന് അവര്‍ ഉപയോഗപ്പെടുത്തിയത് അവിടത്തെ അതിപുരാതനമായ മുസ്ലിം പള്ളി തകര്‍ത്ത് അതിന്റെ കല്ലും മരവുമായിരുന്നു. 

കുഞ്ഞാലിയും മാപ്പിള നാവികരും വീണ്ടും നഷ്ടപ്പെട്ട ശക്തി സംഭരിച്ച് പറങ്കികളെ എതിര്‍ത്തുകൊണ്ടിരുന്നു. പറങ്കികളുടെ സമുദ്രമേധാവിത്വവും കച്ചവട കുത്തകയും നിലനിര്‍ത്തുവാന്‍ അവര്‍ക്കൊരിക്കലും സാധിക്കാതിരുന്നത് ദേശാഭിമാനികളായ മാപ്പിള പടയാളികളുടെ ത്യഗോജ്ജ്വലമായ സേവനം കൊണ്ടുമാത്രമാണ്. 33   ചാലിയത്തുള്ള പറങ്കികളുടെ കോട്ടക്ക് മുമ്പില്‍ വെച്ച് അവരുടെ ഒരു നാവികപ്പടയെ കുട്ട്യാലി തോല്‍പ്പിച്ച് ഓടിക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പറങ്കികളുമായുള്ള നൂറ്റാണ്ടു യുദ്ധത്തിന് സുപ്രധാനഘട്ടത്തിന് തുടക്കം കുറിച്ചത് കുഞ്ഞാലി എന്ന കുഞ്ഞാലി ഒന്നാമന്റെ അതിദാരുണമായ അന്ത്യത്തോടുകൂടിയായിരുന്നു.


കുഞ്ഞാലി രണ്ടാമന്‍

ആളും അര്‍ത്ഥവും കണക്കിലാത്തവിധം നശിച്ച് വെണ്ണീറായിട്ടും മാപ്പിളമാരുടെ സമരാഗ്നി കൂടുതല്‍ ആളികത്തുകയാണ് ചെയ്തത്. ധീരനായ കുഞ്ഞാലിയുടെ പ്രസിദ്ധനായ പുത്രനാണ് കുഞ്ഞാലി രണ്ടാമനെന്ന പേരില്‍ പിന്നീട് പറങ്കികളുടെ കൊടിയ ശത്രുവായി പ്രത്യക്ഷപ്പെട്ടത്. കുട്ടിപ്പോക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. പൂര്‍വ്വാധികം ശക്തി സമാഹരിച്ച് പറങ്കിപ്പടയെ പൊറുതിമുട്ടിച്ച ഈ ധീദേശാഭീമാനിയെ ഇന്ത്യയുടെ കഴിവുറ്റ നാവിക അധിപനായിട്ടാണ് സമകാലിന ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. നൂറുകണക്കിന് നാവികരെയും ആയിരക്കണക്കിന് മാപ്പിള പോരാളികളെയും സമരമുഖത്തേക്ക് കൊണ്ടുവരാന്‍ കുഞ്ഞാലി രണ്ടാമന് സാധിച്ചിരുന്നു.  തന്റെ രാജ്യത്തിന്റെയും തന്റെ മേല്‍കോയ്മയായ സാമൂതിരിയുടെയും മാനം രക്ഷിക്കുവാനുംവിദേശികളെ തറപറ്റിച്ച് ഒടിക്കുവാനും കുഞ്ഞാലി രണ്ടാമന്‍ നടത്തിയ അതിസാഹസികമായ നാവിക യുദ്ധങ്ങള്‍ ആരെയും രോമാഞ്ചം കൊള്ളുക്കുന്നവയാണ്. വിദേശികളോട് പൊരുതിയ പടനായകന്മാരില്‍ ഉന്നത സ്ഥാനത്താണ് കുഞ്ഞാലി രണ്ടാമനുള്ളത്.

സിലോണിലും കായല്‍ പട്ടണത്തും മാപ്പിള നാവികര്‍ക്ക് പറ്റിയ കനത്ത പരാജയം സാമൂതിരയെ നിരാശപ്പെടുത്തിയിരുന്നു. ധനനഷ്ടവും വ്യാപാരനഷ്ടവും സാമൂതിരിയെ പരിഭ്രാന്തനാക്കി. ഏതെങ്കിലും തരത്തില്‍ രാജ്യത്ത് സമാധാന സ്ഥിതി ഉണ്ടായാല്‍ മാത്രമേ കച്ചവടവും സമൃദ്ധിയും പുനര്‍ജ്ജനിപ്പിക്കാനാവൂ എന്ന ധാരണയില്‍ പറങ്കികളുമായുള്ള യുദ്ധ വിരാമ കരാര്‍ ഒപ്പുവെക്കാന്‍ സാമൂതിരി തയ്യാറാവുകയുണ്ടായി.

പോര്‍ച്ചുഗീസുകാരുമായി സന്ധി സംഭാഷണം നടത്തുവാന്‍ സാമൂതിരി നിയോഗിച്ചത് കുഞ്ഞാലിയുടെ ബന്ധുവായ കുട്ട്യാലി മരക്കാരെയായിരുന്നു. എന്നാല്‍ കുഞ്ഞാലി രണ്ടാമനും സഖാക്കളും ഈ സന്ധിയുടെ ഭവിഷത്തുകള്‍ മനസ്സിലാക്കി. തുടക്കം മുതലെ എതിര്‍ത്തു. അവര്‍ സമര രംഗത്ത് നിന്നും പിന്മാറാതെ അവരുടെ ആജന്മശത്രക്കളായ പറങ്കികളെ സൈര്യമായി കപ്പലോടിക്കുവാന്‍ അനുവദിച്ചില്ല. ഒരു ചരക്ക് കപ്പല്‍ കേരളത്തിന്റെ ഏതെങ്കിലും തുറമുഖത്ത് നിന്നും യാത്രതിരിക്കണമെങ്കില്‍ വലിയ സൈനിക അകമ്പടിയില്ലാതെ പറ്റുകയില്ലെന്ന അവസ്ഥ കുഞ്ഞാലിയും കൂട്ടരും സൃഷ്ടിച്ചു.കടലില്‍ ഒളിപ്പോര് വിജയകരമായി സംഘടിപ്പിച്ച് പറങ്കികളുമായി തുറന്ന യുദ്ധങ്ങള്‍ ഒഴിവാക്കിക്കൊണ്ട് അവരുടെ കപ്പലുകളെ ആക്രമിച്ച് നശിപ്പിച്ചുകൊണ്ടിരുന്നു.

കുഞ്ഞാലിയെ വളഞ്ഞ് തുറന്ന യുദ്ധത്തിന് പ്രേരിപ്പിക്കുവാനുള്ള സകല അടവുകളും പരാജയപ്പെട്ടപ്പോള്‍ പറങ്കികള്‍ അനുവര്‍ത്തിച്ച നയം മാപ്പിള കച്ചവട കേന്ദ്രങ്ങളെ കൊള്ളയടിച്ച് നശിപ്പിക്കുക എന്നതായിരുന്നു.പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായനി എന്നീ പട്ടണങ്ങള്‍ക്ക് അവര്‍ തീകൊളുത്തുകയും നിരവധി പള്ളികള്‍ തകര്‍ക്കുകയും വീടുകളും, കടകളും കൊള്ളയടിക്കുകയും ചെയ്തു. കാപ്പിരികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഈ ക്രൂരതകള്‍ അരങ്ങേറിയപ്പോള്‍ കുഞ്ഞാലിയും മാപ്പിള നാവികരും പറങ്കികളുടെ വടക്കെ മലബാറിലുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ച് പ്രതികാരം തീര്‍ക്കുകയാണുണ്ടായത്. കുഞ്ഞാലിയെ എതിരിടുവാന്‍ അയച്ച പറങ്കി പടനായകന്മാരായ റൂയ ഡയഃ അനുയായികളോട് കൂടി വധിക്കപ്പെടുകയും, ഡോണ്‍ ഹെന്‍ട്രിക് തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. 

ചാലിയം കോട്ട പിടിച്ചടക്കാനുള്ള തീവ്രയത്‌നം നടത്തുകയായിരുന്നു കുഞ്ഞാലിയും സംഘവും. പറങ്കി ആക്രമണങ്ങളെ നേരിട്ട് കണ്ണൂര്‍ തീരത്തെത്തിയ കുഞ്ഞാലിയും മാപ്പിള നാവികരും മെനോസിസിന്റെ നേതൃത്വത്തില്‍ വന്ന ഒരു പറങ്കിപ്പടയുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വന്നു. 37  നിര്‍ണ്ണായകമായ തോല്‍വിയാണ് മാപ്പിള നാവികര്‍ക്ക് നേരിട്ടത്. അവരുടെ രണ്ടുകപ്പലുകളൊഴിച്ച് മറ്റുള്ളവയെല്ലാം പറങ്കികള്‍ നശിപ്പിച്ചു, എന്നുമാത്രമല്ല കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷിയുമായി.


കുഞ്ഞാലി മൂന്നാമന്‍

ചാലിയം യുദ്ധത്തില്‍ പട്ടുമരക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള സാഹസിക നാവികസമരങ്ങളും സേവനങ്ങളങ്ങും കണക്കിലെടുത്ത് അളഗപ്പുഴയുടെ പൂമുഖത്ത് മരക്കാരുടെ ആസ്ഥാനമായിരുന്ന പുതുപട്ടണത്ത് ഒരു കൊട്ടാരം കെട്ടുവാനുള്ള അനുമതി സാമൂതിരി അവര്‍ക്ക് നല്‍കി. പട്ടുമരക്കാരെ കുഞ്ഞാലി മൂന്നാമനായി അവരോധിക്കുകയും ചെയ്തു. നായര്‍പ്പടനായകന്മാര്‍ക്ക് അനുവദിച്ച് കൊടുത്തിരുന്ന പ്രത്യേകമായ അധികാര അവകാശങ്ങളൊക്കെ തന്നെ കുഞ്ഞാലി മൂന്നാമനും സാമൂതിരി സന്തോഷപൂര്‍വ്വമ നല്‍കി. 1537 ല്‍ കുഞ്ഞാലി പുതുപട്ടണത്ത് കെട്ടിയുണ്ടാക്കിയ കോട്ട എല്ലാ വിധ സജ്ജീകരണങ്ങളോടു കൂടി പ്രവര്‍ത്തനക്ഷമമായി. ഈ കോട്ടയാണ് മരക്കാര്‍ കോട്ടയെന്ന് അറിയപ്പെട്ടത്. കുഞ്ഞാലി തീരദേശ തുറമുഖങ്ങളില്‍ തന്റെ നാവിക ശക്തിപൂര്‍വാധികം ബലവത്താകാനുള്ള എല്ലാ ശ്രമങ്ങളുംനടത്തിക്കൊണ്ടിരുന്നു. കക്കാട്, പൊന്നാനി, കോഴിക്കോട്, കൊടുങ്ങല്ലൂര്‍ എന്നീ സ്ഥളങ്ങളില്‍ നിന്നൊക്കെ കുഞ്ഞാലി നാവികര്‍ പറങ്കികളെയും അവരുടെ ഓളങ്ങളെയും നിരന്തരം ആക്രമിച്ച് ശല്യപ്പെടുത്തി. ഈ പോരാട്ടങ്ങളുടെ ഫലമായി പറങ്കികളുടെ കച്ചവടവും കപ്പലോട്ടവും ക്ഷയോന്മുഖമായി. മാപ്പിള നാവികരാകട്ടെ പറങ്കികളുടെ ചാലിയം കോട്ട നിശേഷം നശിപ്പിച്ചതിന് പുറമെ ആധുനിക പ്രതിരോധ സൗകര്യങ്ങളോടു കൂടി സ്വന്തമായൊരു കോട്ട പുതുപട്ടണത്ത് കെട്ടി സുരക്ഷിതരാവുകയും ചെയ്തു. പറങ്കികള്‍ക്കിത് ഒട്ടും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഴര്‍ സാമൂതിരിയുമായി പലതരത്തിലുള്ള സന്ധികള്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ കുഞ്ഞാലിയാകട്ടെ പറങ്കികളുമായി ഒരിക്കലും സന്ധിയോ, സമാധാനമോ ഇല്ലെന്ന പ്രതിഞ്ജയോടു കൂടി വിശ്രമമില്ലാതെ പടപൊരുതുകയായിരുന്നു. സാമൂതിരിയുമായി സൗഹൃദം ഉണ്ടാക്കിയാല്‍ മാത്രമേ മരക്കാര്‍ പടയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റുകയുള്ളൂ എന്ന് മനസ്സിലാക്കിയ പറങ്കികള്‍ പൊന്നാനിയില്‍ ഒരു കോട്ട കെട്ടാന്‍ സമൂതിരിയില്‍ നിന്നും അനുവാദം വാങ്ങിച്ചു. സാമൂതിയുടെയും മാപ്പിള നാവികരുടെയും ഭാവിക്ക് ദോഷകരമായി ബാധിക്കുന്ന ഈ നടപടിയെ കുഞ്ഞാലി എതിര്‍ക്കുകയും ഇതില്‍ പങ്കുചേര്‍ക്കരുതെന്ന് കുഞ്ഞാലിയും മറ്റുള്ളവരും സാമൂതി   രിയോടപേക്ഷിച്ചിക്കുകയും ചെയ്തു.   എന്നാല്‍ സാമൂതിരി ഇത് നിഷേധിക്കുകയാണ് ചെയ്തത്. മുസ്ലിംങ്ങളും സാമൂതിരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഈ നടപടി അകലം സൃഷ്ടിക്കുകയാണുണ്ടായത്. സാമൂതിരി താല്‍ക്കാലികമായി യുദ്ധവിരമാ സന്ധിയുണ്ടാക്കിയെങ്കിലും കുഞ്ഞാലിയും കൂട്ടരും ഒരിക്കലും അനുരജ്ഞനത്തിന് തയ്യാറാകാതെ പറങ്കികളുമായി നിരന്തരം പോരാടിയതിന്റെ വികാരത്തിന് വീര്യം കയറ്റുന്ന പ്രവണതകളാണ് നടത്തിയത്. കുഞ്ഞാലിയുടെ നാവിക വൈദഗ്ധ്യത്തന്റെ വലിയൊരു നേട്ടമായിരുന്നു. 40 1555 ലെ പറങ്കികളുടെ പല കപ്പലുകളും അക്രമിച്ച് കീഴടക്കിയതും അതിലുണ്ടായിരുന്നവരെ തടവുകാരനാക്കുവാന്‍ സാധിച്ചതും മരക്കാരുടെ മികവായിരുന്നു.

പട്ടുമരക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമന്‍ 1595 ല്‍ ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാവുന്ന മഹത്തായ നേട്ടങ്ങള്‍ക്കൊക്കെ ഉടമയായിക്കൊണ്ട് സംതൃപ്ത ചിത്തനായി അന്ത്യശ്വാസം വലിച്ചു. പറങ്കികളോടുള്ള ഒടുങ്ങാത്ത വെറുപ്പിന്റെയും തീരാത്ത ശത്രുതയുടെയും ജ്വലിക്കുന്ന അഗ്നികുണ്ഡലം   തന്റെ പിന്‍ഗാമിയായ മരുമകന്‍ മുഹമ്മദലി മരക്കാരുടെ ബലിഷ്ടമായ ഹസ്തങ്ങളില്‍ അര്‍പ്പിച്ചുക്കൊണ്ടാണ് അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്. 


കുഞ്ഞാലി നാലാമന്‍

മുഹമ്മദലി മരക്കാര്‍ 19 ലാണ് പട്ടുമരക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമന്റെ പിന്‍ഗാമിയായി നാവിക നേതൃത്വം ഏറ്റെടുത്തത് പുതുപട്ടണത്തെ മരക്കാര്‍ കോട്ടയുടെ അധിപതിയെന്ന നിലയില്‍ കോട്ടയെയും പട്ടണത്തെയും ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ അദ്ദേഹം ഏര്‍പ്പെടുത്തി. കിടങ്ങുകള്‍ കുഴിക്കുകയും, കോട്ടവാതില്‍ ബലവത്താക്കുകയും ചെയ്ത് അദ്ദേഹം മരക്കാര്‍ കോട്ടയെ അക്കാലത്തുണ്ടായ ഏത് കോട്ടയില്‍ നിന്നുംകൂടുതല്‍ ശക്തവും സുരക്ഷിതവുമുള്ളതാക്കി തീര്‍ത്തു. കോട്ടയുടെ രണ്ട് അറ്റത്തും തലയുയര്‍ത്തി നിന്ന് വലിയ ഗോപുരങ്ങള്‍ കടലിന് അഭിമുഖമായിരുന്നു. 42  തന്റെ ആസ്ഥാനം ശക്തിപ്പെടുത്തിയ ശേഷം തന്റെ മുന്‍ഗാമികളുടെ അന്തിമാഭിലാഷമായ  പറങ്കികളെ തുരത്തുവാന്‍ വേണ്ടി അദ്ദേഹം സജീവമായി രംഗത്തിറങ്ങി. പറങ്കികളുടെ ചില വാഹനങ്ങളും ധാരാളം പറങ്കി നാവികരും കുഞ്ഞാലിയുടെ ധീരമായ നാവിക പ്രവര്‍ത്തനങ്ങള്‍ക്കിരയായി.

പറങ്കികളോടുണ്ടായ കുഞ്ഞാലിയുടെ ഒടുങ്ങാത്ത അമര്‍ഷത്തിന്റെ അടയാളമായിരുന്നു മംഗലാപുരത്തെ ബങ്കര രാജാവുമായി ചേര്‍ന്ന് പറങ്കികള്‍ ഉള്ളാള്‍ റാണിയെ ആക്രമിച്ചപ്പോള്‍ കുഞ്ഞാലി തന്റെ നാവിക സഹായം റാണിക്ക് നല്‍കയത്. ഇത് സാമൂതിരയില്‍ സംശയം ഉളവാക്കി. തന്നില്‍ നിന്ന് കൂറ് മാറുവാനുള്ളതിന്റെ ആരംഭമാണിത് എന്ന് സാമൂതിരി സംശയിച്ചു. എന്നാല്‍ കുഞ്ഞാലി തന്റെ പൊതുശത്രുവായ പറങ്കികള്‍ക്കെതിരെ പോരാടുകയായിരുന്നു. ഈ അവസരത്തില്‍ കുഞ്ഞാലിക്ക് പറങ്കികളുടെയും സാമൂതിരിയുടെയും കൂട്ടായ എതിര്‍പ്പിനെ അഭിമുഖീകരിക്കേണ്ടിവന്നു. 

കടലിലും, കരയിലും ഒളിഞ്ഞും തെളിഞ്ഞും തങ്ങളെ തകര്‍ക്കുന്ന മുസ്ലിം പടയെ ഇല്ലാതാക്കാന്‍ പറ്റുകയില്ലെന്ന് മനസ്സിലാക്കിയ പറങ്കികള്‍ സാമൂതിരിയുമായി സന്ധികള്‍ ഉണ്ടാക്കാന്‍ തയ്യാറായി. എന്നാല്‍ സാമൂതിരിയുമായുള്ള ഇത്തരത്തിലുള്ള സന്ധികളൊന്നും മുസ്ലിംകളെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നവര്‍ മനസ്സിലാക്കി. കുഞ്ഞാലിയും കൂട്ടരും അപ്പോഴും പോര്‍ച്ചുഗീസ് കപ്പലുകള്‍ പിടികൂടി പോരാട്ടത്തിന്റെ പാത തുടര്‍ന്നു. 


പൊന്നാനിയില്‍ പറങ്കികള്‍ക്ക് കോട്ടകെട്ടാന്‍ അനുവാദം നല്‍കിയ കാലം മുതല്‍ പറങ്കികളോടുള്ള സമീപനത്തില്‍ സാമൂതിരിക്ക് മാറ്റം വന്നതായി മാപ്പിളമാരുടം ശങ്കിച്ചിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ ഇത് ശരിയായിരുന്നുവെന്ന് കാണിക്കുന്നു. കുഞ്ഞാലി ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത് കണ്ട സാമൂതിരി പരിഭ്രാന്തനാവുക മാത്രമല്ല കുഞ്ഞാലി തന്റെ ശാസനക്ക് അതീതനായി കുതറി മാറുന്നതായും സംശയിച്ചു. അതേസമയം കുഞ്ഞാലിയും തന്റെ നാവികരും പറങ്കികളെ പലപ്രാവശ്യം തോല്‍പ്പിച്ചോടിക്കുകയും ശത്രുക്കള്‍ക്ക് യാതൊരു സ്വസ്ഥതയും നല്‍കാത്തവിധം സൈനിക വിജയം നേടുകയും ചെയ്തു. 1594 കള്‍ക്ക് ശേഷം കുഞ്ഞാലിയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വളരെ വലിയ ശക്തിപ്രയോഗിക്കപ്പെട്ടു. എല്ലാ വിധത്തിലും കുഞ്ഞാലി സധൈര്യം പോര്‍ച്ചുഗീസുകാരെ നേരിടുകയും ചെയ്തു. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ ഹിന്ദു-മുസ്ലിം അനൈക്യം സൃഷ്ടിച്ച് പ്രലോഭിപ്പിച്ചും വശത്താക്കിയും കുഞ്ഞാലിയെ പിടികൂടാന്‍ സാമൂതിരിയുമായി ഗൂഢാലോചനകള്‍ നടത്തുകയും ചെയ്തു. കടലില്‍ നിന്ന് പോര്‍ച്ചുഗീസുകാരും കരയില്‍ നിന്ന് സാമൂതിരിയുടെ പടയും കുഞ്ഞാലിയെ അക്രമിച്ച് കീഴ്‌പ്പെടുത്താന്‍ തീരുമാനിച്ചു. 1599 മാര്‍ച്ച് 15 ന് ആക്രമണം തുടങ്ങി . അത് ആദ്യം പരാജയത്തിലാണ് കലാശിച്ചത്. 500 ല്‍ പരം പോര്‍ച്ചുഗീസുകാര്‍ ആദ്യ ദിവസം തന്നെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടിപ്പോവുകയും ചെയ്തു. 

സാമൂതിരിയും പോര്‍ച്ചുഗീസുകാരും ചേര്‍ന്ന് കുഞ്ഞാലിയെ പിടികൂടാന്‍ വീണ്ടും പദ്ധതി ഒരുക്കുകയും പോര്‍ച്ചുഗീസ് പട മരക്കാര്‍ കോട്ട വളയുകയും ചെയ്തു. ദിവസങ്ങളോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ കുഞ്ഞാലി ജീവന്‍ രക്ഷിക്കാമെങ്കില്‍ രാജാവിന് കീഴടങ്ങാമെന്ന് അറിയിച്ചു. അതംഗീകരിച്ചുകൊണ്ട് 1600 മാര്‍ച്ച് 16 ന് കുഞ്ഞാലിയും കൂട്ടരും സാമൂതിരിയുടെ മുന്നില്‍ വാളുവെച്ച് കീഴടങ്ങി. എന്നാല്‍ ഉടനെ തന്നെ പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ പിടികൂടുകയാണുണ്ടായത്. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയെയും നാല്‍പത് ധീരസേനാനികളെയും ഗോവയിലേക്ക് കൊണ്ടുപോയി തടവിലാക്കി. പലവിഭാഗത്തില്‍ പെട്ട പാതിരിമാരും മതം മാറിയാല്‍ ജീവന്‍ രക്ഷിക്കാമെന്ന വാഗ്ദാനവുമായി കുഞ്ഞാലിയെയും അനുചരന്മാരെയും സമീപ്പിച്ചിരുന്നുവെങ്കിലും അവര്‍ മതപരിവര്‍ത്തനത്തിന് സന്നദ്ധരായിരുന്നില്ല. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയുടെ അനുചരന്മാരുടെ ശരീരഭാഗങ്ങള്‍ തുണ്ടമായരിഞ്ഞ് കടലില്‍ വിതറി. കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിലിട്ടു. ശേഷം അത് കണ്ണൂരില്‍ കൊണ്ടുവന്ന് കുന്തത്തില്‍ കുത്തി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 





സാമൂതിരി

രണ്ടാം ചേര സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് ശേഷം ഉയര്‍ന്നുവന്ന നാടുവാഴികളില്‍ സമ്പത്തിലും സൈനിക ശക്തിയിലും പ്രബലരായിത്തീര്‍ന്നവരാണ് സാമൂതിരിമാര്‍.

സാമൂതിരിമാര്‍ മധ്യകാല കേരളത്തില്‍ കോഴിക്കോട് ആസ്ഥാനമാക്കി മലബാറിന്റെ പ്രദേശങ്ങളുടെ ഭൂരിഭാഗവും ഭരണം നടത്തിയിരുന്ന നാടുവാഴികളാണ്. എ.ഡി. 1200 മുതല്‍ 1766 വരെ സ്വതന്ത്ര്യഭരണാധികാരികളായിരുന്നു സാമൂതിരിമാര്‍. ഇവര്‍ വിത്യസ്ത ബഹുമതി പേരുകള്‍ ഉപയോഗിച്ചിരുന്നു. 

സാമൂതിരിമാരുടെ വംശത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. മക്കത്തേക്ക് പോകും മുമ്പ് പെരുമാള്‍ രാജ്യം പങ്കുവെച്ച കഥയുടെ അനുബന്ധമാണ് ഒരു ഐതിഹ്യം. പെരുമാള്‍ കപ്പല്‍ കയറാന്‍ തുടങ്ങുമ്പോള്‍ മാനിച്ചന്‍, വിക്രമന്‍ എന്നീ രണ്ടു ബന്ധുക്കളും വന്നു. അവര്‍ക്ക് ഒരുടഞ്ഞ ശംഖും, ഒരുടഞ്ഞ വാളുമാണ് അദ്ദേഹം നല്‍കിയത്. ചത്തും കൊന്നും കീഴടക്കിക്കൊള്ളാന്‍ കല്‍പിച്ചത്രെ. അതു സ്വീകരിച്ച അവര്‍ അക്രമത്തിലൂടെ നാടുകള്‍ കീഴടക്കി രാജപദവി നേടി. മാനിച്ചന്റെയും വിക്രമന്റെയും വംശം മാനവിക്രമനായി മാറി. ആദ്യകാല രേഖകളില്‍ സാമൂതിരിമാര്‍ പരാമര്‍ശിക്കപ്പെടുന്നത് നെടിയിരിപ്പ് സ്വരൂപം എന്ന പേരിലാണ്. പെരുമാള്‍ ഭരണത്തിന് ശേഷം പോര്‍ളാതിരിമാരില്‍ നിന്നും കോഴിക്കോടിനെ അക്രമിച്ച് കീഴടക്കുകയും 12-ാം നൂറ്റാണ്ടില്‍ സാമൂതിരി എന്ന പദവിയോടെ അവിടം ഭരണം ആരംഭിക്കുകയും ചെയ്തു.  ഇതോടെയാണ് നെടിയിരുപ്പില്‍ നിന്നും ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റിയത്. പ്രശസ്ത തളി ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരില്‍ സാമൂതിരിമാര്‍ മാറിയത് സ്വാമി ശ്രീ തിരുമുല്‍പ്പാട് എന്നറിയപ്പടാന്‍ തുടങ്ങി. സ്വാമി ശ്രീ തിരുമുല്‍പ്പാട് എന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് സാമൂതിരി എന്നറിയപ്പെട്ടത്. സാമൂതിരിമാര്‍ പൂന്തുറക്കോല്‍, കുന്നലക്കോല്‍, സാമൂതിരി എന്നീ മൂന്ന് വിത്യസ്ത ബഹുമതി പേരുകളില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്.  സാമൂതിരി കുടുംബത്തില്‍ അഞ്ച് കൂറുവാഴ്ചയാണുള്ളത്. സാമൂതിരി വംശത്തില്‍ പുരുഷന്മാര്‍ മൂന്ന് പേരുകളിലറിയപ്പെട്ടിരുന്നു. മാനവേദന്‍, മാന വിക്രമന്‍ വീരരായ  കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളെയാണ് രാജാവായി നിയോഗിച്ചിരുന്നത്.   സാമൂതിരിമാര്‍ക്ക് മുസ്ലിം ഭൂരിപക്ഷമുള്ള ഒരു നാവികസേനയുണ്ടായിരുന്നു. അറബ് രാജ്യങ്ങളുമായും മറ്റും വ്യാപാര ബന്ധവും പുലര്‍ത്തിയിരുന്നു.

പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍ എന്നീ വൈദേശിക ശക്തികളുമായി ഇണങ്ങിയും പിണങ്ങിയും പോരാടിയും സാമൂതിരി വാഴ്ച പല പരീക്ഷണഘട്ടങ്ങളെയും നേരിട്ടിട്ടുണ്ട്.

മധ്യകാലഘട്ടത്തില്‍ സാമൂതിരിയുടെ പ്രത്യേക സനേഹാദരവുകള്‍ നേടിയ പ്രജകള്‍ എന്ന നിലയില്‍ മറ്റു വൈദേശിക മതസ്ഥരേക്കാള്‍ അംഗീകാരത്തോടും പ്രതാപത്തോടും ശാന്തിയോടും സമാധനത്തോടും കൂടിയാണ് മലബാറില്‍ മുസ്ലിംങ്ങള്‍ ജീവിച്ചുപോന്നിരുന്നത്. ഭാരതത്തിലെ ഇതര പ്രദേശങ്ങളേക്കാള്‍ സാമൂതിരി നാട്ടില്‍ ഹിന്ദു-മുസ്ലിം മതമൈത്രി ഊഷ്മളവും സുദൃഢവുമായിരുന്നു. ഇതിനകല്‍ച്ച സംഭവിച്ചത് പറങ്കികളുടെ ആഗമനത്തോടുകൂടിയാണ്. അവരുടെ നയവൈകല്യങ്ങള്‍ക്ക് ഹേതുവായി ക്രമേണ മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചുവന്നു.

വ്യാപാരാശ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തമായ ഉദ്ദേശത്തോടെ പോര്‍ച്ചുഗീസുകാരനായ വാസ്‌ഗോഡ ഗാമയാണ് ആദ്യമായി കേരളത്തിലെത്തിയത്. സാമൂതിരിയുടെ കൊട്ടാരം സന്ദര്‍ശിച്ച് വ്യാപാരത്തിനായി അനുമതി നേടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്‍ ബോധ്യപ്പെട്ട രാജാവ് അദ്ദേഹത്തെ കൈയൊഴിഞ്ഞു. അതില്‍ പ്രകോപിതരായ പറങ്കികള്‍ സാമൂതിരിയുടെ സാമന്തരും മാനസികമായി അദ്ദേഹത്തോട് പകയുള്ള കണ്ണൂര്‍ രാജാവുമായും വിരോധിയായ കൊച്ചി രാജാവുമായി സൗഹൃദം സ്ഥാപിക്കുകയും വ്യാപാര ഉടമ്പടികള്‍ ഒപ്പുവെക്കുകയും ചെയ്തു.

ഗാമയെ പിന്തുടര്‍ന്നുവന്ന എല്ലാ പോര്‍ച്ചുഗീസുകാര്‍ക്കും കോഴിക്കോടും സാമൂതിരിയും ശത്രുക്കളായിരുന്നു. തുടര്‍ന്ന് കോഴിക്കോടിനെയും, അറബ് രാഷ്ട്രങ്ങളും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തെയും, സാമൂതിരിയുടെ ആധിപത്യത്തെയും, ഹിന്ദു-മുസ്ലിം ഐക്യത്തെയും ഇല്ലാതാക്കാന്‍ വേണ്ടി പറങ്കികള്‍ പലതരത്തിലുള്ള അക്രമങ്ങളും അഴിച്ചുവിട്ടു. കൊള്ളയും കൊള്ളിവെപ്പും പിടിച്ചുപറിയും പിടിച്ചടക്കലും നിത്യസംഭവങ്ങളായി മാറി. അശാന്തിയുടെയും അധര്‍മ്മത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം പകര്‍ന്ന മലയാളക്കരയില്‍ സമൂതിരിയുടെ നായര്‍പടയാളികളും കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള നാവികപ്പടയും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും തയ്യാറായി. 1500- നും 1600 നും ഇടയില്‍ ഒരു നൂറ്റാണ്ടുകാലം സാമൂതിരി പോര്‍ച്ചുഗീസുകാരുമായി പോരാട്ടങ്ങള്‍ നടത്തുകയുണ്ടായി. ഈ കാലയളവില്‍ പതിനഞ്ചോളം സാമൂതിരമാരും ഭരണം നടത്തിയിട്ടുണ്ട്.   അവരില്‍ പലരും പലതരത്തിലുള്ള അനാക്രമണസന്ധികളും പറങ്കികളുമായി ഒപ്പുവെക്കുകയുമുണ്ടായി. കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യം നിലനിന്നിരുന്നത് സാമൂതിരിയുടെ കീഴിലായിരുന്നു. പറങ്കികള്‍ക്കെതിരെ യുദ്ധങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിരുന്നത് സാമൂതിരിമാര്‍ ആയിരുന്നു.

സാമൂതിരിയെ ഇല്ലാതാക്കാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ നാവിക ശക്തികൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാവിക സേനാനായകനായിരുന്നത് കുഞ്ഞാലി മരക്കാരായിരുന്നു. അതിശക്തരായിരുന്ന കുഞ്ഞാലി മരക്കാര്‍മാരെ ഇല്ലാതാക്കിയാല്‍ മാത്രമേ സാമൂതിരിയെയും അദ്ദേഹത്തിന്റെ രാജ്യത്തെയും കീഴടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ മലബാര്‍ തീരത്ത് ഹിന്ദു-മുസ്ലിം അനൈക്യം വളര്‍ത്തുകയും സാമൂതിരിയില്‍ കുഞ്ഞാലിയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പടര്‍ത്തുകയും ചെയ്തു. പിന്നീട് സാമൂതിരിയും പറങ്കികളും ചേര്‍ന്ന് ഒരു നൂറ്റാണ്ടിന്റെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് അന്ത്യം കുറിക്കുകയും ചെയ്തു.


Post a Comment

0 Comments