1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിച്ച് വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍, മുന്‍ കഴിഞ്ഞ പ്രവാചകന്മാരെയും അവരുടെ വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുകയും, അന്ത്യനാള്‍ വരെ യാതൊരു വിധ മാറ്റിത്തിരുത്തലുകള്‍ക്കും വിധേയമാകാതെ നിലകൊള്ളുകയും ചെയ്യുന്ന ഏക വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. ജീവസുറ്റ അറബി ഭാഷയില്‍ അതുല്യമായ പ്രതിപാദന ശൈലിയില്‍ വിസ്മയകരമായ സാഹിത്യ സൗന്ദര്യവും ഉല്‍കൃഷ്ടമായ വിജ്ഞാന സമ്പത്തും ക്വുര്‍ആനില്‍ തെളിയുന്നു. ക്വുര്‍ആന്‍ ദൈവിക മാണെന്നതിന്റൈ ഉത്തമ ദൃഷ്ടാന്തമാണിത്. പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തില്‍ നിന്നും അവതീര്‍ണ്ണമാണ് ഇത് എന്നതിന് വേറെയും തെളിവുകള്‍ ദര്‍ശിക്കാം. അതിലൊന്നാണ് ഇരുപതാം നൂറ്റാണ്ടില്‍ മാത്രം കണ്ടെത്താനായ അനേകം ശാസ്ത്ര സത്യങ്ങള്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആനില്‍ പ്രതിപാദിച്ചു എന്നത്. കൂടാതെ ഇതിലെ ചരിത്രപരമായ പ്രതിപാദനവും, പ്രവചനവുമെല്ലാം വിശുദ്ധ ക്വുര്‍ആനിന്റെ അമാനുഷികതയെ വിളിച്ചറിയിക്കുന്നു.
ക്വുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. പക്ഷെ വളരെ സംശുദ്ധവും ഗഹനവുമായ രീതിയില്‍ പ്രതിപാദിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളെ കുറിച്ചുള്ള ക്വുര്‍ആനിലെ സൂചനകള്‍ കണ്ടുപിടിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുമാത്രമാണ്. അവതരണ ഘട്ടത്തില്‍ ഈ സൂചനകള്‍ മനസ്സിലാക്കാന്‍ അന്നുള്ളവര്‍ക്ക് സാധിക്കുമായിരുന്നില്ല. ക്വുര്‍ആനിലെ ശാസ്ത്ര വിസ്മയങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നാം ആദ്യം വിശുദ്ധ ഗ്രന്ഥം അവതീര്‍ണ്ണമായ കാലഘട്ടത്തിലെ ശാസ്ത്ര നിലവാരം അറിയേണ്ടതുണ്ട്. ക്വുര്‍ആന്‍ അവതരണ കാലമായ ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ വിവിധ അനാചാരങ്ങളിലും അന്ധവിശ്വാങ്ങളിലും ആണ്ടിരുന്നു. പ്രപഞ്ചത്തെയും പ്രകൃതിയേയും മനസ്സിലാക്കാനുള്ള സാങ്കേതികത ഇല്ലായിരുന്ന അക്കാലത്ത് പൂര്‍വ്വീകരായ മഹാന്മാരില്‍ ദിവ്യത്വം കല്‍പ്പിക്കുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നു. പര്‍വ്വതങ്ങളാണ് ആകാശത്തെ താങ്ങി നിര്‍ത്തിയിരുന്നതെന്നും ഭൂമി പരന്നതാണെന്നു
"നിങ്ങള്‍ കാണുന്ന താങ്ങുകളൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിറുത്തിയവന്‍ അല്ലാഹുവാണ് "(വി. ക്വുര്‍ആന്‍ 13.2)
ആകാശം പര്‍വ്വതങ്ങളാല്‍ താങ്ങി നിറുത്തപ്പെട്ടിരുന്നുവെന്ന വാദത്തെ ഈ സൂക്തം ദുര്‍ബലപ്പെടുത്തി. മറ്റു പല വിഷയങ്ങളിലെയും വസ്തുതകള്‍ മറ്റൊരാളും കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ക്വുര്‍ആന്‍ വെളിപ്പെടുത്തി. ജോതിശാസ്ത്രം, ഭൗതിക ശാസ്ത്രം, ജീവ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മനുഷ്യര്‍ക്ക് നാമമാത്രമായ അറിവുണ്ടായിരുന്ന കാലഘട്ടത്തില്‍ പ്രപഞ്ച സൃഷ്ടിപ്പ്, മനുഷ്യ സൃഷ്ടിപ്പ്, അന്തരീക്ഷ ഘടന ജീവിയോഗ്യമാക്കിയ പ്രകൃതിയുടെ സന്തുലിതത്വം തുടങ്ങി അനവധി വിഷയങ്ങള്‍ ക്വുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആന്‍ വെളിപ്പെടുത്തിയ ചില ശാസ്ത്ര സത്യങ്ങള്‍ ഇനി നമുക്ക് മനസ്സിലാക്കാം.
പ്രപഞ്ച സൃഷ്ടിപ്പ്
"ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്ന എന്നിട്ട് നാമവയെ വേര്‍പ്പെടുത്തി "(വി. ക്വുര്‍ആന്‍ 21.30)
ഇന്നത്തെ ശാസ്ത്ര നിയമമനുസരിച്ച് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ഒരു ഗംഭീര സ്‌ഫോടനാന്തരമാണ് ഉണ്ടായത്. മഹാ വിസഫോടനം അഥവാ ബിഗ് ബാങ്ങ് എന്ന ഈ പ്രതിഭാസം സൂചിപ്പിക്കുന്നത് ഒരു ബിന്ധുവില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായതിന്റെ ഫലമാണ് പ്രപഞ്ചോല്‍പ്പതി എന്നാണ്. ബിഗ് ബാങ്ങോടുകൂടിയാണ് പദാര്‍ത്ഥവും ഊര്‍ജ്ജവും കാലവും നിലവില്‍ വന്നത്. വളരെ സമീപ കാലത്ത് മാത്രം ആധുനിക ശാസ്ത്രം കണ്ടെത്തിയ ഈ വസ്തുത മഹാ വിസ്‌ഫോടനത്തിന്റെ സൃഷ്ടാവില്‍ നിന്നല്ലാതെ പിന്നെ എവിടെ നിന്നാണ് മരുഭൂമിയിലെ ഒരു അറബിക്ക് (മുഹമ്മദ് (സ) 14 നൂറ്റാണ്ട് മുമ്പ് പറയാന്‍ കഴിഞ്ഞത്.
പ്രപഞ്ചത്തിന്റെ വികാസം
ജ്യോതി ശാസ്ത്രം പോലുള്ള ശാസ്ത്രങ്ങളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത കാലഘട്ടത്തില്‍ അതാത് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രപഞ്ചത്തിന്റെ വികാസത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു.
"ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മ്മിച്ചു നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "(വി. ക്വുര്‍ആന്‍ 51.41)
ഇരുപതാം നൂറ്റാണ്ടില്‍ ആരംഭ ഘട്ടം വരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത് പ്രപഞ്ചത്തിന് ഒരു നിശ്ചിത സ്വഭാവമുണ്ടെന്നും ആരംഭ സ്ഥിതിയില്‍ നിന്നും യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍ ഊര്‍ജ്ജ തന്ത്രജ്ഞനായ അലക്‌സാണ്ടര്‍ ട്രേങ്മാനും ബെല്‍ജിയം പ്രകൃത ശാസ്ത്രജ്ഞനായ ജോര്‍ജ്ജ് ലമൈക്കറും പ്രപഞ്ചം ഒരു നിക്ഷിപ്ത തോതില്‍ ചലിക്കുന്നവെന്നും വികാസം പ്രാപിച്ച്‌കൊണ്ടേയിരിക്കുന്നുവെന്നും തെളിയിക്കുകയുണ്ടായി.
പര്‍വ്വതങ്ങളുടെ ധര്‍മ്മം
"ഭൂമിയില്‍ നാം പര്‍വ്വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തി ഭൂമി അവരെയും കൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍" (വി. ക്വുര്‍ആന്‍ 21.31)
പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്നതായി ഈ വാക്യത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ക്വുര്‍ആന്‍ അവതീര്‍ണ്ണമായ അവസരത്തില്‍ ഈ വസ്തുതയെ കുറിച്ച് അറിയില്ലായിരുന്നു. ഈ അടുത്ത കാലത്ത് മാത്രമാണ് പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ ചെറുക്കുന്നുവെന്ന് മനസ്സിലാക്കിയത്.
"പര്‍വ്വതങ്ങളുടെ സ്വഭാവം പര്‍വ്വതങ്ങളെ ആണിയാക്കിയില്ലേ?" (വി. ക്വുര്‍ആന്‍ 78.7)
പര്‍വ്വതങ്ങളുടെ ഒരു പ്രധാന സേവനമെന്തന്നാല്‍ ഭൂമിയുടെ പാളികളെ ദൃഢീകരിച്ച് അവ പരസ്പരം തെന്നി പോകാതെ ഉറപ്പിച്ച് നിര്‍ത്തുക എന്നാണ്. നാം രണ്ട് മരപ്പലകകളെ തമ്മില്‍ യോജിപ്പിക്കാനായി ആണി ഉപയോഗിക്കുന്നത് പോലെയാണിത്. പര്‍വ്വതങ്ങളുടെ ഈ ആണി പോലെ ഉറപ്പിക്കുന്ന പ്രതിഭാസത്തെ ഐസോസ്‌കസി എന്ന് പറയുന്നു. ഭൂചലന ഗവേഷണങ്ങളുടെയും ഭൂഗര്‍ഭ ശാസ്ത്ര പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രം ഇത് കണ്ടെത്തിയത്.
പര്‍വ്വതങ്ങളുടെ ചലനം
"നീ ഇപ്പോള്‍ പര്‍വ്വതങ്ങളെ കാണുന്നു. അവ ഊന്നിയുറച്ച് പോലെയാണൈന്ന് നിനക്ക് തോന്നും. എന്നാല്‍ അവ മേഘങ്ങള്‍ പോലെ ഇളകി നീങ്ങിക്കൊണ്ടിരിക്കും. "(വി. ക്വുര്‍ആന്‍ 27.88)
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് വേഗ്നന്‍ ഭൂഖണ്ഡങ്ങള്‍ അതിന്റെ ആരംഭത്തില്‍ ഒന്നിച്ചായിരുന്നുവെന്നും പിന്നീടവ തെന്നി മാറി വിവിധ ദിശയിലേക്ക് നീങ്ങി വേര്‍പ്പെടുകയും ചെയ്തുവെന്ന് കണ്ടെത്തി. ഏതാണ്ട് 100 കി. മീ. കനം വരുന്ന 6 പ്രധാന പ്ലെയിറ്റുകളും കുറെയധികം ചെറിയ പ്ലെയിറ്റുകളുമായി ഇവ ഇന്നും പ്രതിവര്‍ഷം 1 മുതല്‍ 5 സെ.മീറ്റര്‍ വരെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ഇന്ന് ശാസ്ത്രം കണ്ടെത്തി. ആധുനിക ശാസ്ത്രജ്ഞാന്മാര്‍ ഈ ചലനത്തെ ഇന്ന് കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് എന്ന് വിളിക്കുന്നു. 14 നൂറ്റാണ്ട് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത ഈ വിഷയം എന്ന് ആര് വളരെ വ്യക്തമായി ക്വുര്‍ആനില്‍ രേഖപ്പെടുത്തി..?! പ്രപഞ്ച സൃഷ്ടാവല്ലാതെ ആര്‍ക്കാണതിന് കഴിയുക.?
തമോഗര്‍ത്തം
നിരവധി ജ്യോതി ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ട് സാക്ഷിയായിട്ടുണ്ട്. അതിലെ അതിപ്രധാനമാണ് തമോഗര്‍ത്തം. ഒരു നക്ഷത്രം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് തീരുമ്പോള്‍ അത് അനന്തമായ സാന്ദ്രതയുള്ളതും പൂജ്യം വ്യാപ്തമുള്ള അതി ശക്തമായ കാന്തിക മേഖലായി തീരുന്നു. അതാണ് തമോഗര്‍ത്തം. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിന് പോലും പുറത്ത് കടക്കാന്‍ സാധ്യമല്ലാത്ത മേഖലയാണ് ഇത്. തമോഗര്‍ത്തത്തിലേക്ക് വസ്തുക്കള്‍ക്ക് പ്രവേശിക്കാമെന്നല്ലാതെ ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മറികടന്ന് അതില്‍ നിന്ന് യാതൊന്നിനും പുറത്തേക്ക് കടക്കാന്‍ സാധ്യമല്ല. എന്നാല്‍ ചുറ്റുമുള്ള വസ്തുക്കളില്‍ അതുളവാക്കുന്ന ആറ്റങ്ങളിലൂടെ അതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാം. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രപഞ്ച സൃഷ്ടാവ് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് സൂചന നല്‍കി, ചിന്തിക്കുന്നവര്‍ക്ക് ഒരു തെളിവാകാന്‍ വേണ്ടി.
"അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെയാണ്." (വി. ക്വുര്‍ആന്‍ 56. 76,76)
സൂര്യന്റെ പതനം
"സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാകിയതാണ്." (വി. ക്വുര്‍ആന്‍ 36.38)
"സൂര്യന്‍ ചുറ്റി പൊതിയുമ്പോള്‍ "(വി. ക്വുര്‍ആന്‍ 81.1)
കഴിഞ്ഞ 5 ബില്ല്യണ്‍ വര്‍ഷങ്ങളായി സൂര്യന്റെ ഉപരിതലത്തില്‍ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായാണ്. സൂര്യന്‍ പ്രകാശിക്കുന്നത്. ഭൂമിയിലെ മുഴുവന്‍ ജീവനും നാശം വരുത്തി വെക്കത്തക്ക വിധത്തില്‍ ഭാവിയില്‍ ഒരു പ്രത്യേക കാലയളവിന് ശേഷം സൂര്യന്‍ പൂര്‍ണ്ണമായും നശിക്കും എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത് ഈ വസ്തുത എങ്ങനെ 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഈ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടു.?
സംരക്ഷണ മേല്‍ക്കുര
"ആകാശത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി എന്നിട്ടും അവരതിലെ തെളിവുകളെ അവഗണിക്കുകയാണ്." (വി. ക്വുര്‍ആന്‍ 21.32)
ആകാശത്തിന്റെ ഈ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്ര ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി. ആകാശത്തിലെ ഓസോണ്‍ പാളിയെ കുറിച്ചും വായു മണ്ഡലത്തെക്കുറിച്ചും നമുക്ക് അവ നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചും ഇന്ന് ആരോടും വിശദീകരിക്കേണ്ടതില്ലല്ലോ. ഈ അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ഇക്കാര്യം മരുഭൂമിയിലെ ആ ആട്ടിടയനായ (മുഹമ്മദ് നബി (സ) ക്ക് ആരാണ് ഇത്ര കൃത്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക..??
"അല്ലാഹു ഒന്നിനു മീതെ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ. അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും. "(വി. ക്വുര്‍ആന്‍ 71.15,16)
ചന്ദ്രന്‍ സ്വയം പ്രകാശിക്കും എന്നാണ് മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന വിശ്വാസം. എന്നാല്‍ ചന്ദ്രനില്‍ നിന്നും ബഹിര്‍ഗണിക്കുന്ന പ്രകാശം പ്രതിഫലിക്കുന്ന പ്രകാശമാണെന്നാണ് ശാസ്ത്രം ഇന്ന് നമ്മോട് പറയുന്നത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആനില്‍ ഈ വസ്തുത എങ്ങനെ കൃത്യമായി വ്യക്തമാക്കാന്‍ കഴിഞ്ഞു.??
മനുഷ്യന് ജീവിക്കണമെങ്കില്‍ ഓക്‌സിജനും വായു സമ്മര്‍ദ്ദവും ആവശ്യമാണ്. നമ്മള്‍ ശ്വസിക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ശ്വാസകോശത്തിലെ വായു അറകളില്‍ പ്രവേശിക്കുന്നു. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ സമ്മര്‍ദ്ദം കുറയും അന്തരീക്ഷം നേര്‍ത്തതാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറയുകയും ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുകയുമുണ്ടാകുന്നു. ഉയരം കൂടുന്നതിനനുസരിച്ച് ശ്വസിക്കാന്‍ പ്രയാസമേറുന്നു. നെഞ്ചിന് സങ്കോചവും സമ്മര്‍ദ്ദവും ഉണ്ടാകുന്നു. ഈ യാഥാര്‍ത്ഥ്യം ക്വുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്.
"അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്ലാമിനായി തുറന്നു കൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗ്ഗത്തിലാക്കാനാണ് അവനുദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപ്പോകും പോലെ അവന് തോന്നുന്നു. വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹു ഇവ്വിധം നീചമായ ശിക്ഷ നല്‍കും" (വി. ക്വുര്‍ആന്‍ 6.125)
ആകാശത്തേക്ക് കയറിപ്പോകുമ്പോള്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വ്യക്തമായി അറിയാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ ഉദാഹരണം പറയാന്‍ പറ്റുമോ..??
"അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം തെളിയിച്ചു കൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിടതിനെ അട്ടിയാക്കി വെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ.. അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്ക് കാണാം. മാനത്തെ മലകള്‍ പോലെയുള്ള മേഘക്കൂട്ടങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. "(വി. ക്വുര്‍ആന്‍ 24.43)
ഈ അടുത്ത കാലത്താണ് മഴ മേഘങ്ങള്‍ രൂപപ്പെടുന്നതിനെ കുറിച്ചും അതില്‍ കാറ്റിന്റെ പങ്കിനെക്കുറിച്ചുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസ്സിലാക്കിയത്. ഈ വക കാര്യങ്ങള്‍ ദൈവം മനുഷ്യ ബുദ്ധിയുടെ മുന്നിലേക്കിട്ടത് അവന്‍ അതിനെപ്പറ്റി ചിന്തിക്കുവാനും തന്റെ സൃഷ്ടാവായ ഏക ദൈവത്തെ കണ്ടെത്തുവാനുമല്ലേ..??
ഭൂമി പരന്നതാണെന്നായിരുന്നു ആദ്യ കാല ജനങ്ങളുടെ വിശ്വാസം ഭൂമിയുടെ അറ്റത്തെത്തിയാല്‍ വീണുപോകുമെന്ന ഭയത്താല്‍ അധിക ദൂരം സഞ്ചരിക്കുവാന്‍ നൂറ്റാണ്ടുകളോളം മനുഷ്യന്‍ ഭയപ്പെട്ടിരുന്നു. !! 1577 ല്‍ ലോകം ചുറ്റി സഞ്ചരിച്ച ഫ്രാന്‍സിസ് ഡ്രൈക് ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. രാപ്പകലുകളുടെ മാറ്റത്തെക്കുറിച്ച് താഴെ കാണുന്ന ക്വുര്‍ആനിക വചനം ശ്രദ്ധിക്കുക.
"അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്ന് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ.?" ( വി. ക്വുര്‍ആന്‍ 31.29)
രാത്രി മെല്ലെ മെല്ലെ പകലിലേക്കും പകല്‍ രാത്രിയിലേക്കും മാറി വരിക എന്നതാണ് പ്രവേശിക്കുക എന്നത് കൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത്. ഭൂമി ഉരുണ്ടതാണെങ്കില്‍ മാത്രമേ ഈ പ്രതിഭാസം നടക്കുകയുള്ളൂ. ഭൂമി പരന്നതായിരുന്നെങ്കില്‍ രാത്രിയില്‍ നിന്ന് പകലിലേക്കും പകലില്‍ നിന്ന് രാത്രിയിലേക്കും പെട്ടെന്നുള്ള മാറ്റം ഉണ്ടാകുമായിരുന്നു.
"ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ കൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിയെയും ചുറ്റി പൊതിയുന്നു." (വി. ക്വുര്‍ആന്‍ 39.5)
നാം 1577 ല്‍ മാത്രം കണ്ടെത്തിയ ഈ വിഷയം 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയുടെ സൃഷ്ടാവിനല്ലാതെ ആര്‍ക്കാണ് ഇത്ര കൃത്യമായി പറയുവാന്‍ കഴിയുക??
പാല്‍
മൃഗങ്ങളിലെ പാലിന്റെ ഉല്‍പാദനത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു. നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്. ചാണകത്തിനും ചോരക്കുമിടയില്‍ നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത് (വി.ക്വുര്‍ആന്‍ 16.66)
ഈ വചനം വ്യക്തമായി മനസ്സിലാക്കുന്നതിന് മൃഗങ്ങളുടെ ദഹന രക്ത ചംക്രമണ വ്യവസ്ഥകള്‍ ചുരുങ്ങിയ രീതിയില്‍ നമുക്ക് പരിശോധിക്കാം. മൃഗങ്ങള്‍ ഭക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ നിരവധി ഘട്ടങ്ങളിലൂടിെ കടന്ന് ആമാശയത്തില്‍ വെച്ച് ദഹിപ്പിക്കപ്പെടുന്നു. ദഹിക്കപ്പെട്ട വസ്തുക്കള്‍ കുഴലിലൂടെ രക്തത്തില്‍ പ്രവേശിച്ച് സങ്കീര്‍ണ്ണമായ രാസപദാര്‍ത്ഥങ്ങള്‍ രക്തത്തിലൂടെ അവയവങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. മറ്റു ശരീര കോശങ്ങളെ പോലെ തന്നെ പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളും പരിപോഷിപ്പിക്കപ്പെടുന്നത് രക്തത്തിലൂടെ അവയിലെത്തുന്ന പോഷക ദ്രവ്യങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ഈ പോഷക ദ്രവ്യങ്ങള്‍ ശേഖരിക്കുന്നിതിലും കൈമാറ്റം ചെയ്യുന്നതിലും രക്തത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്.
പോഷക സമ്പുഷ്ടവും ശുദ്ധവുമായ പാല്‍ രക്തത്തില്‍ നിന്നും പാതി ദഹിപ്പിച്ചതുമായ ഭക്ഷണപദാര്‍ത്ഥത്തില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത.് മൃഗങ്ങളുടെ ആമാശയത്തില്‍നിന്നോ രക്തത്തില്‍ നിന്നോ നേരിട്ട് പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ മനുഷ്യന് സാധ്യമല്ല. ഇവയില്‍ ഏതെങ്കിലും ഒന്നിന് മനുഷ്യന്‍ ശ്രമിച്ചാല്‍ അത് മാരകമായ ഭക്ഷ്യവിഷബാധക്കും മരണത്തിനും കാരണമാകും. എന്നാല്‍ അതി സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ പോഷക സമ്പുഷ്ടമായ പാല്‍ ഉല്‍പാദിപ്പിച്ച ദൈവം എല്ലാ കാര്യത്തിലും കഴിവുള്ളവനാകുന്നു. പാലിന്റെ രൂപീകരണം ഒരു അത്ഭുതം തന്നെയാണ്. പാലിന്റെ അതിസങ്കീര്‍ണ്ണമായ രൂപീകരണത്തെക്കുറിച്ചുള്ള ക്വുര്‍ആനിന്റെ പ്രസ്ഥാവന മറ്റൊരു മഹാത്ഭുതവും.
പാലിന്റെ രൂപീകരണത്തെക്കുറിച്ച് ഇത്ര വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ മൃഗങ്ങളുടെ ദഹനേന്ദ്രീയ വ്യവസ്ഥയെ കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍ ഈ അറിവ് ക്വുര്‍ആന്‍ അവതീര്‍ണ്ണമായ കാലഘട്ടത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടുകളിലാണ് ശാസ്ത്രപുരോഗതിയും ചക്രമണവ്യവസ്ഥയെ പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതെല്ലാം. ഇതെല്ലാം വ്യക്തമാക്കുന്നത് ക്വുര്‍ആനിക വചനങ്ങള്‍ ജീവജാലങ്ങളുടെ നാഥന്റേതാണ് എന്നതാണ്.
വിരല്‍ തുമ്പുകള്‍
മരിച്ച് എല്ലു മണ്ണും ആയിപ്പോയാലും വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്ന സത്യനിഷേധികളുടെ ചോദ്യത്തിന് ദൈവത്തിന്റെ മറുപടി ശ്രദ്ധിക്കുക.
മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടാനാവില്ലെന്ന് എന്നാല്‍ നാം അവന്റെ വിരല്‍തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ് (വി.ക്വു. 75.3,4)
വിരല്‍ തുമ്പുകളുടെ സൃഷ്ടിപ്പില്‍ എന്താണ് ഇത്ര അത്ഭുതമെന്ന് 1400 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ ജനങ്ങള്‍ ചിന്തിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ഇന്ന് അതില്‍ ഒളിഞ്ഞുകിടക്കുന്ന അത്ഭുതത്തെ പറ്റി നമുക്കറിയാം. 1858 ല്‍ ആണ് ഓരോ വ്യക്തിയുടെയും വിരലടയാളം വ്യത്യാസ്തമാണെന്ന് മനസ്സിലാക്കിയത്. 1892 ല്‍ മാത്രമാണ് വിരലടയാളം വ്യക്തിയോടൊപ്പം കാലാകാലവും ഒട്ടുമാറ്റം വരാതെ നില നില്‍ക്കുമെന്നും അവ തേയ്മാനം സംഭവിച്ചാല്‍ പോലും പഴയപടിയുള്ള വിരലടയാളമായിരിക്കുമെന്നും ശാസ്ത്രം കണ്ടെത്തിയത്. ഇക്കാലത്ത് കുറ്റാന്വേഷണ വിഭാഗത്തിലെ പ്രധാനപ്പെട്ട തെളിവ് ശേഖരണത്തില്‍ പെട്ടതാണ് വിരലടയാളം എന്നത്. ഇക്കാര്യം ദൈവം ചെയ്ത് വെച്ചതല്ല എന്നും ക്വുര്‍ആന്‍ ദൈവിക വചനമല്ല എന്നും ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ.?
ജീവനുള്ള വസ്തുക്കളെ വെള്ളത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.
വെള്ളത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യ നിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ.. അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ.. (വി.ക്വുര്‍ആന്‍ 21.30)
ശാസത്രം അതിന്റെ പുരോഗതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കോശത്തിന്റെ അടിസ്ഥാന ഘടകമായ സൈറ്റോ പ്ലാസത്തിന്റെ 80% വും വെള്ളത്താല്‍ നിര്‍മ്മിതമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എല്ലാ ജീവജാലങ്ങളും 50% മുതല്‍ 90% വരെ വെള്ളത്താല്‍ നിര്‍മ്മിച്ചതാണെന്നും ജീവവസ്തുക്കളുടെയെല്ലാം നിലനില്‍പ്പിന് വെള്ളം അത്യന്താപേക്ഷിതമാണെന്നും ആധുനിക പര്യവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മുഴുവന്‍ ജീവികളും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഏതെങ്കിലും ഒരു മനുഷ്യന് അനുമാനിക്കുക സാധ്യമായിരുന്നോ.. ജല ദൗര്‍ബല്യത്തിന്റെ കെടുതികള്‍ അനുസൂത്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന മരുഭൂവാസികളായ അറബികളെ സംബന്ധിച്ചടത്തോളം അത്തരം അനുമാനം വിശ്വാസയോഗ്യമായിരിക്കുമോ വെള്ളത്തില്‍ നിന്നാണ് സകല ജീവജാലങ്ങളും സൃഷ്ടിച്ചിരിക്കപ്പെട്ടിരിക്കുന്നതെന്ന് ക്വുര്‍ആന്‍ വളരെ വ്യക്തമായി മറ്റൊരിടത്ത് പറയുന്നു. അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചു (വി. ക്വുര്‍ആന്‍ 24.45)
ഭ്രമണപഥം
സൂര്യചന്ദ്രന്മാര്‍ ഒരു നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ ഊന്നിപ്പറയുന്നു.
രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചതും അവന്‍ തന്നെ. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു. (വി.ക്വുര്‍ആന്‍ 21.33)
സൂര്യന്‍ നിശ്ചലമല്ലെന്നും അത് നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്നും മറ്റൊരു സൂക്തവും വ്യക്തമാക്കുന്നു. സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാ അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷമമായ പദ്ധതിയനുസരിച്ചാണ് (വി.ക്വുര്‍ആന്‍ 36.38)
ക്വുര്‍ആനിലെ ഈ വസ്തുതകള്‍ ജ്യോതിശാസ്ത്ര ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത് നമ്മുടെ യുഗത്തില്‍ മാത്രമാണ്. ജ്യോതിശാസ്ത്രവിദഗ്ദരുടെ ഗണനമനുസരിച്ച് സൂര്യന്‍ ഒരു പ്രത്യേക ബിന്ദുവിലേക്ക് മണിക്കൂറില്‍ 7,20,00 കിലോമീറ്റര്‍ എന്ന തോതില്‍ സഞ്ചരിക്കുന്നു. ഇതിനെ സോളാര്‍ ആപക്‌സ് എന്ന് വിളിക്കുന്നു. പ്രപഞ്ചം നിറയെ ഭ്രമണപഥങ്ങളുടെന്ന് ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി (വി.ക്വുര്‍ആന്‍ 51.7)
200 ബില്ല്യണ്‍ നക്ഷത്രവ്യൂഹങ്ങളും അവയില്‍ ഒരോന്നിലും 200 ബില്ല്യണ്‍ നക്ഷത്രങ്ങളും ഉള്ളതാണ് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു. ഇവയില്‍ അധിക നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളും. ഈ ജ്യോതിര്‍ഗോളങ്ങള്‍ വളരെ വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഇവ ലക്ഷോപലക്ഷം വര്‍ഷങ്ങളായി ഒരു നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായ താളക്രമത്തില്‍ സഞ്ചരിക്കുന്നു. അതുപോലെ തന്നെ വാല്‍ നക്ഷത്രങ്ങളും. ഈ നക്ഷത്രവ്യൂഹങ്ങള്‍ അവയുടെ നിശ്ചിത ഭ്രമണപഥത്തില്‍ ചിട്ടയോടെ അസാധാരണമായ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അവ പരസ്പരം കൂട്ടിമുട്ടുകയോ ഭ്രമണപഥം തെറ്റുകയോ ചെയ്യുന്നില്ല. തീര്‍ച്ചയായും ക്വുര്‍ആന്‍ അവതരിച്ച കാലഘട്ടത്തില്‍ മനുഷ്യന് ശൂന്യാകാശ പര്യവേഷണങ്ങള്‍ക്ക് ആവശ്യമായ ടെലസ്‌കോപ്പുകളോ, അത്യാധുനിക നിരീക്ഷണ സാങ്കേതിക വിദ്യയോ, ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയില്‍ അവഗാഹമോ ഉണ്ടായിരുന്നില്ല. ഭ്രമണപഥം എന്ന പ്രയോഗം പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ബൗദ്ധിക വളര്‍ച്ചയിലായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ അക്കാലത്ത് ശൂന്യാകാശത്തെ വഴികളും ഭ്രമണപഥങ്ങളും മറ്റും ശാസ്ത്രീയമായി തെളിയിക്കാവാന്‍ സാധിക്കുമായിരുന്നില്ല. ആ സന്ദര്‍ഭത്തിലാണ് ഈ വസ്തുതകളെ ക്വുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നത്. പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആനെന്ന് ഇക്കാര്യങ്ങള്‍ വസ്തുതാപരമായി സൂചന നല്‍കുന്നു.
0 Comments